തളിക്കുളം: ദ്രവിച്ച ഓലക്കുടിലിൽ വർഷങ്ങളായി ദുരിതത്തിൽ കഴിയുകയാണ് ദലിത് വിഭാഗത്തിൽപെട്ട, മാറാരോഗികളായ വയോദമ്പതികൾ. തളിക്കുളം മുറ്റിച്ചൂർ പാലത്തിന് തെക്ക് ചേർക്കര ചേന്ദങ്ങാട്ട് കുട്ടപ്പനും (76) ഭാര്യ 65 വയസ്സുള്ള നിർമലയുമാണ് ദുരിതംപേറി കഴിയുന്നത്. ഓലക്കുടിലിന് മുകളിൽ ടാർപായ വിരിച്ച കുടിലിന് വീട്ടുനമ്പറും വൈദ്യുതി, കുടിവെള്ള കണക്ഷനും ഉണ്ടെങ്കിലും അടച്ചുറപ്പുള്ള വീടിനായുള്ള അപേക്ഷകൾ അധികാരകേന്ദ്രങ്ങളിൽ നിരസിക്കപ്പെടുകയായിരുന്നു.
കുടിൽ അറ്റകുറ്റപ്പണി നടത്താൻ പോലും ഈ ദലിത് കുടുംബത്തിന് സഹായം ലഭിച്ചില്ല. ഓല വെച്ച് മറ കെട്ടിയത് കീറിയതോടെ ഇതുവഴി പൂച്ചയും ഇഴജന്തുക്കളും കയറുകയാണ്. വീടിെൻറ അത്താണിയായിരുന്ന മകൻ രമേഷും മരുമകളും രോഗം ബാധിച്ച് ഏതാനും വർഷം മുമ്പ് മരിച്ചതോടെയാണ് ഇവർ ഒറ്റപ്പെട്ടത്. കുട്ടപ്പൻ രോഗിയാണ്. നിർമല പണിക്ക് പോയാണ് ഇരുവരും പട്ടിണി കൂടാതെ കഴിഞ്ഞിരുന്നത്. എന്നാൽ, നാലുവർഷം മുമ്പ് നിർമലക്ക് ഹൃദയ ശസ്ത്രക്രിയ വേണ്ടിവന്നതോടെ അതിനും പറ്റാത്ത അവസ്ഥയാണ്. ചികിത്സ സഹായത്തിന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നിർമല പറയുന്നു.
വീട് നിർമാണത്തിന് ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചെങ്കിലും അവഗണിക്കപ്പെട്ടു. സമീപം പുഴയുണ്ടെന്ന് പറഞ്ഞാണ് പുഴയോര നിയമ പ്രകാരം അപേക്ഷ നിരസിക്കുന്നത്. സി.പി.ഐയുടെ ബ്രാഞ്ച് അംഗമായ നിർമല പാർട്ടിയുടെ മഹിള വിഭാഗം നേതാവുമാണ്. ശസ്ത്രക്രിയ കഴിഞ്ഞതോടെ പാർട്ടി പ്രവർത്തനം സജീവമല്ല. പൊതുപ്രവർത്തനം നടത്തിയിട്ടും അവണനയാണ് നേരിടുന്നതെന്ന് നിർമല പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.