സുജിത ക്ലാസെടുക്കും; കുട്ടികൾക്ക്സൗജന്യ ട്യൂഷനുമായി ജനമൈത്രി പൊലീസ്

തൃശൂർ: പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരടിയം ഇത്തപ്പാറ കോളനി നിവാസികൾ, സ്ഥലത്ത് സന്ദർശനം നടത്താറുള്ള ജനമൈത്രി പൊലീസ് ഓഫിസർമാരായ എ.ടി. വിനേഷ്, എസ്. സുമേഷ് എന്നിവരോട് ഒരു അഭ്യർഥന മുന്നോട്ടുവെച്ചു. "തങ്ങളുടെ കുട്ടികൾ പഠനത്തിൽ തീരെ പിറകിലാണ്. അവർക്ക് നന്നായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. കുട്ടികൾ എന്തെങ്കിലും സംശയം ചോദിച്ചാൽ പറഞ്ഞുകൊടുക്കാൻ മാതാപിതാക്കൾക്ക് ആകുന്നില്ല" -ഇതായിരുന്നു അവരുടെ പരാതി. ജനമൈത്രി ബീറ്റ് ഓഫിസർമാർ ഇക്കാര്യം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക് കുമാറിനെ ധരിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കിടയിൽ ഇക്കാര്യം ചർച്ചാവിഷയമായി.

അങ്ങനെയാണ്, പഠനത്തിൽ പിറകോട്ടായ കോളനിയിലെ കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകാം എന്ന ആശയം ഉരുത്തിരിഞ്ഞത്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ ട്യൂഷൻ ക്ലാസ് നടത്തിപ്പിനുവേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്തി. ഇനി ഉചിതരായ അധ്യാപികയെ കണ്ടെത്തണം. അതിനുള്ള അന്വേഷണത്തിനൊടുവിലാണ് സമീപ നാട്ടുകാരിയായ വരടിയം വടക്കേ വളപ്പിൽ വി.കെ. ഉണ്ണികൃഷ്ണന്‍റെ ഭാര്യ സുജിത പേരാമംഗലം പൊലീസിന് പിന്തുണയുമായി എത്തിയത്. കോളനി നിവാസികളുടെ കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ എടുത്തു നൽകാം എന്ന വാഗ്ദാനവുമായി അവർ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. അങ്ങനെ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിലുള്ള ട്യൂഷൻ ക്ലാസിന്‍റെ ഉദ്ഘാടനം ഇക്കഴിഞ്ഞദിവസം ഇത്തപ്പാറ നെയ്ത്തുശാല ഹാളിൽ ആരംഭിച്ചു. ഇതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ജനമൈത്രി പൊലീസ് വക പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആദ്യ ദിവസം തന്നെ അമ്പതിലധികം വിദ്യാർഥികളാണ് ട്യൂഷനായി എത്തിയത്. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വിവിധ സെക്ഷനുകളായി തികച്ചും സൗജന്യമായാണ് ട്യൂഷൻ നൽകുന്നത്.

ട്യൂഷൻ ടീച്ചറായ സുജിത ബി.എസ്.സി സുവോളജി, ബി.എഡ്, കെ-ടെറ്റ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ അവണൂർ പോസ്റ്റ് ഓഫിസിൽ ഇപ്പോൾ ജോലി ചെയ്യുന്നുമുണ്ട്. പകൽ സമയത്തെ ജോലിക്ക് ശേഷമാണ് സുജിത, ഇവിടെ ട്യൂഷൻ ടീച്ചറായി എത്തുന്നത്. ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് സുജിതയുടെ കുടുംബം. എല്ലാത്തിനും പൂർണ പിന്തുണയുമായി പേരാമംഗലം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. 

Tags:    
News Summary - Sujitha will take the class; Janamaithri Police with free tuition for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.