സൗരോർജ വേലി നിർമാണ അഴിമതി: നാലുപേർക്കെതിരെ അന്വേഷണം

തൃശൂർ: പരിയാരം റേഞ്ചിലെ സൗരോർജ വേലി നിർമാണത്തിൽ അഴിമതി ആരോപിച്ച ഹരജിയിൽ ഫോറസ്റ്റ് കൺസർവേറ്ററും കരാറുകാരനും ഉൾപ്പെടെ നാലുപേർക്കെതിരെ അന്വേഷണത്തിന് തൃശൂർ വിജിലൻസ് കോടതി ഉത്തരവ്.

ഫോറസ്റ്റ് കൺസർവേറ്റർ ടി.സി. ത്യാഗരാജ്, ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സംബുധ് മജുംദാർ, പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. മാത്യു, കരാറുകാരൻ ബിനു ജോർജ് എന്നിവർക്കെതിരെയാണ് തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അതിരപ്പിള്ളി കൊന്നക്കുഴി സ്വദേശി വി.എം. അനൂപ് നൽകിയ ഹരജിയിലാണ് അന്വേഷണം. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വൈശേരി -മോതിരക്കണ്ണി- കുട്ടിപ്പൊക്കം ഭാഗങ്ങളിൽ 10 കിലോമീറ്റർ നീളത്തിൽ അഞ്ചുവരി സൗരോർജ വേലി സ്ഥാപിക്കുന്നതിൽ ചട്ടങ്ങൾ മറികടന്നും ആവശ്യമായ പഠനം നടത്താതെയും പൊതുപണം ദുർവ്യയം ചെയ്തുവെന്നാണ് പരാതി.

19.11 ലക്ഷത്തിന്‍റെതാണ് പദ്ധതി. പ്രതികൾക്ക് സാമ്പത്തികമായി താൽപര്യങ്ങൾ ഉണ്ടായിരുന്നതാണെന്നും പദ്ധതിയുടെ ടെൻഡർ ലഭിച്ചത് പരിയാരം റേഞ്ച് ഓഫിസറുടെ അടുത്ത ബന്ധുവും ബിനാമിയുമാണെന്നും ഹരജിയിൽ പറയുന്നു. ഫോറസ്റ്റ് കൺസർവേറ്റർ അടക്കമുള്ളവർ ഗൂഢാലോചന നടത്തി സർക്കാർ പണം തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. തൃശൂർ വിജിലൻസ് യൂനിറ്റിനാണ് അന്വേഷണ ചുമതല. മേയ് 30ന് മുമ്പായി റിപ്പോർട്ട്‌ നൽകാനാണ് കോടതി നിർദേശം.

Tags:    
News Summary - Solar fence construction scandal: Investigation into four people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.