തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല

തൃശൂർ: തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേർക്ക് രോഗലക്ഷണമുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ഇതോടെ കോളജിൽ നടന്നുവന്ന കലോത്സവം മാറ്റിയതായി യൂനിയൻ ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ 15ന് കോളജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. വയറിളക്കം ബാധിച്ച് ഏറെ പേർ ചികിത്സ തേടിയിരുന്നു.

മറ്റ് കുട്ടികൾക്കും വയറിളക്ക ലക്ഷണങ്ങൾ പ്രകടമായി. തുടർന്നാണ് കോളജ് കോമ്പൗണ്ടിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ചിലർ പരിശോധന നടത്തിയത്. അതിന്‍റെ ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്. രണ്ട് പേരുടെ ഫലമാണ് പോസിറ്റിവായത്. ആരോഗ്യവകുപ്പ് അധികൃതർ കോളജിലെത്തി പ്രിൻസിപ്പലുമായി സംസാരിച്ചു. ആർട്സ് ഫെസ്റ്റിവൽ സംഘാടകരുമായും ചർച്ച നടത്തി.

കോളജിൽ വയറിളക്ക സംബന്ധ ലക്ഷണങ്ങളുമായി ധാരാളം വിദ്യാർഥികളുണ്ടെങ്കിലും പലരും പരിശോധനക്ക് മടിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവർ പരിശോധനക്ക് വിധേയമാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വയറിളക്കമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന ബാക്ടീരിയ പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിൽ മരണസാധ്യതയുമുണ്ട്.

Tags:    
News Summary - Shigella for two students in Thrissur Govt. engineering college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.