തൃശൂർ: റെയിൽ സ്റ്റേഷനിലെ പുതുക്കിയ പാർക്കിങ് കൊള്ളയിൽ പകച്ച് യാത്രക്കാർ. ട്രെയിൻ യാത്രാ ചാർജ് വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പാർക്കിങ് ഫീസും മുമ്പെങ്ങുമില്ലാത്ത വിധം കുത്തനെ ഉയർത്തിയിരിക്കുന്നത്. മതിയായ യാതൊരു സൗകര്യവും ഒരുക്കാതെ പ്രീമിയം പാർക്കിങ് എന്ന പേരിൽ ഭീമമായ തുകയാണ് യാത്രക്കാരിൽനിന്നും തട്ടിയെടുക്കുന്നത്.
പുതിയ കണക്ക് പ്രകാരം ഒരു ദിവസം ഇരുചക്രവാഹനം റെയിൽവേയുടെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യണമെങ്കിൽ 345 രൂപ നൽകണം. കാറിന് 700 രൂപയാണ് ഒരു ദിവസത്തെ പാർക്കിങ് ചാർജ്. ഈ കഴിഞ്ഞ മെയ് നാല് മുതലാണ് റെയിൽവേ പാർക്കിങ് ഫീസ് കൊള്ള ആരംഭിച്ചത്. ആ വിവരം നോട്ടീസ് ബോർഡിലൂടെ ഉപയോക്താക്കളെ അറിയിച്ചിട്ടുമുണ്ട്. രണ്ട് മണിക്കൂർ ആണ് മിനിമം പാർക്കിങ് സമയം. രണ്ട് മണിക്കൂറിന് ബൈക്കിന് 15ഉം കാറിന് 40 രൂപയും നൽകണം.
പിന്നീട് ഓരോ മണിക്കൂറിനും തുക ഇരട്ടിച്ചുകൊണ്ടിരിക്കും. ദൂര സ്ഥലങ്ങളിൽ ജോലി നോക്കുന്നവർ, ആഴ്ചയിൽ ഒരിക്കൽ ജോലി സ്ഥലത്തുനിന്നും വീട്ടിൽ വന്നുപോകുന്നവർ എന്നിവരൊക്കെയാണ് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് എരിയ ഉപയോഗിക്കുന്നത്. ഇവർ കാറിലും ബൈക്കിലും അതേ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്താൽ പോലും ആകാത്ത തുകയാണ് പാർക്കിങ് ഫീസ് ഇനത്തിൽ നൽകേണ്ടിവരിക.
ഒരു ദിവസം രാവിലെ പോയി വൈകുന്നേരം തിരികെയെത്തുന്ന ഒരു ട്രെയിൻ യാത്രക്കാരൻ അയാളുടെ ബൈക്ക് റെയിൽവേ പാർക്കിങ് ഏരിയയിൽ വെക്കുകയാണെങ്കിൽ 180 രൂപ ഫീസ് നൽകണം. ഇനി അത് കാറാണെങ്കിൽ 370 രൂപയാണ് ഫീസ്. ഇത് പച്ചയായ പകൽകൊള്ളയാണെന്നാണ് യാത്രക്കാർ പറയുന്നത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങിന്റെ പേരിൽ പകൽ കൊള്ളയാണ് നടക്കുന്നതെന്ന് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
കഴിഞ്ഞ ജൂലൈ 19ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് വെക്കുകയും 21ന് തിരികെ എടുക്കുകയും ചെയ്ത യാത്രക്കാരനിൽ നിന്നും 845 രൂപയാണ് പാർക്കിങ് ഫീസായി ഈടാക്കിയതെന്ന് അവർ പറയുന്നു. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് മെയ്, ജൂൺ മാസങ്ങളിലാണ് അമിതമായി വർധിപ്പിച്ചത്. പാർക്കിങ്ങിന് കൂടുതലായി ഒരു സൗകര്യവും വർധിപ്പിക്കാതെയാണ് നിരക്കിലെ വൻവർധന.
50 ശതമാനം മുതൽ 70 ശതമാനം വരെ ഒറ്റയടിക്ക് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ‘പ്രീമിയം’ എന്ന പേരിലും വൻകൊള്ള നടക്കുന്നു. ജൂൺ മാസത്തിൽ തന്നെ റെയിൽവേ അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വേണമെന്ന് നിയമം ഉണ്ടെങ്കിലും തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇത്തരം ഉദ്യോഗസ്ഥൻ ഇല്ല.
അമിത നിരക്കുകൾ ഉടൻ പിൻവലിക്കണമെന്ന് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ടു വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. സജി ആറ്റത്ര, പി.ആർ. ഹരിദാസ്, വിൽസൺ ജോൺ, വിനോദ് മേമഠത്തിൽ, സെയ്തു മുഹമ്മദ്, ഗോപകുമാർ, മുരളി, കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.