പാലിയേക്കര ടോൾ പ്ലാസയിൽ വടം കെട്ടി തടയൽ: കേസെടുത്തു

ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കാതെ കടന്നുപോകുന്ന വാഹനങ്ങളെ വടംകെട്ടി തടയുന്ന സംഭവത്തില്‍ കരാര്‍ കമ്പനിയുടെ പേരില്‍ പൊലീസ് കേസെടുത്തു.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ പുതുക്കാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് സി.ഐ പറഞ്ഞു. ടോള്‍ ബൂത്തില്‍ കയര്‍ കെട്ടി വാഹനങ്ങള്‍ തടയുന്ന നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ആംബുലൻസ്​ കുരുക്കിൽപെട്ടു

ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിലെ വാഹനക്കുരുക്കിൽ രോഗിയുമായി പോയ ആംബുലൻസ് കുരുങ്ങി. വ്യാഴാഴ്ച വൈകീട്ട് ചാലക്കുടിയിൽനിന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് 10 മിനിറ്റിലധികം കുരുക്കിൽപെട്ടത്.

ആംബുലൻസിന് എമർജൻസി ട്രാക്കിലേക്കെത്താൻ കഴിയാത്ത രീതിയിലായിരുന്നു വാഹനങ്ങളുടെ നിര. ആംബുലൻസ് ദൂരെനിന്ന്​ വരുന്നത് കണ്ടിട്ടും ടോൾ ജീവനക്കാർ വഴിയൊരുക്കാൻ തയാറായില്ല.

ആംബുലൻസ് ഡ്രൈവർ വാഹനം ഫാസ്​ടാഗ് ട്രാക്കിലൂടെ പോകാൻ ശ്രമിച്ചെങ്കിലും മുന്നിലുള്ള വാഹനങ്ങൾ കടത്തിവിടാനും ടോൾ കമ്പനി ജീവനക്കാർ തയാറായില്ല. ഫാസ്​ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പോകാനുള്ള ട്രാക്കുകളുടെ എണ്ണം കുറച്ചതാണ് വാഹനക്കുരുക്കിന് കാരണം. കോവിഡ് വ്യാപനത്തെ തുടർന്ന് ദിനംപ്രതി നിരവധി ആംബുലൻസുകളാണ് ടോൾ പ്ലാസ കടക്കേണ്ടിവരുന്നത്.

ആംബുലൻസുകൾക്ക് സുഗമമായി ടോൾ പ്ലാസ കടക്കാൻ സൗകര്യമൊരുക്കുമെന്ന കമ്പനി അധികൃതരുടെ ഉറപ്പ് പാഴ്വാക്കാകുകയാണ്.

ജില്ല ഭരണകൂടവും പൊലീസും ഇടപെട്ട് ആംബുലൻസുകൾക്ക് യാത്രാസൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.