തൃശൂർ: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ട എല്ലാഅംഗങ്ങളുടെയും മസ്റ്ററിങ് ഈ മാസം 31ന് മുമ്പ് പൂർത്തിയാക്കണമെന്നും നടത്താത്തവർക്ക് ഏപ്രിൽ ഒന്നുമുതൽ റേഷൻ വിഹിതം അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാറിന്റെ കർശന നിർദേശം വന്നതോടെ റേഷൻ കടകളിൽ മസ്റ്ററിങ്ങിന് എത്തുന്നവരുടെ തിരക്ക്. മസ്റ്ററിങ്ങിനെത്തുന്നവരുടെയും റേഷൻ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയും തിരക്കിൽ നീണ്ട വരിയാണ് പലയിടത്തുമുള്ളത്. ഇ-പോസ് മെഷിനുകൾ ഉപയോഗിച്ചാണ് റേഷൻ വിതരണവും മസ്റ്ററിങ്ങും നടക്കുന്നത്. പലപ്പോഴും മെഷീൻ തകരാറിലാവുകയും ചെയ്യുന്നതോടെ റേഷൻ വിതരണവും മസ്റ്ററിങ്ങും തടസ്സപ്പെടുകയും കാത്തിരിപ്പ് നീളുകയും ചെയ്യുന്നു. റേഷൻ കാർഡിൽ പേരുള്ളവർ മുഴുവനും റേഷൻ കടകളിൽ എത്തിയാലെ മസ്റ്ററിങ് നടത്താൻ കഴിയുകയുള്ളൂ. എന്നാൽ പ്രായാധിക്യംകൊണ്ട് പ്രയാസപ്പെടുന്നവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ റേഷൻ കടകളിൽ എത്താൻ കനത്ത വേനൽ ചൂടിൽ ബുദ്ധിമുട്ടുകയും മണിക്കൂറുകൾ കാത്തിരുന്ന് വലയേണ്ടിയും വരുന്നു.
പ്രായാധിക്യമായിവർക്കും കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ ഗർഭിണികൾ തുടങ്ങിയവർക്കും അവരുടെ വീടുകളിൽചെന്ന് റേഷൻ കാർഡിലെ മസ്റ്ററിങ് നടത്തുന്നതിനുള്ള സംവിധാനം സംസ്ഥാനത്തെ സി.എസ്.സി സേവന കേന്ദ്രങ്ങളിലൂടെയും മറ്റു പൊതുജന സേവന കേന്ദ്രങ്ങളിലൂടെയോ ചെയ്യുന്നതിന് സർക്കാർ അംഗീകാരം നൽകുകയാണെങ്കിൽ ഇത്തരക്കാരുടെ പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ സാധിക്കുമെന്നും സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയോഷൻ (ഐ.ഡി.പി.ഡബ്യൂ.ഒ.എ) ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട് പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് വകുപ്പ് മന്ത്രിക്കും പ്രധാന ഉദ്യോഗസ്ഥർക്കും മെയിൽ സന്ദേശം അയക്കുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.ജി. സൈൽമാഭായ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടന്റുമാരായ അഷറഫ് പെരുമ്പാവൂർ, പ്രദാപ് ഇല്ലത്ത് തൃശൂർ, അലവി മലപ്പുറം, സംസ്ഥാന ജോ. സെക്രട്ടറിമാരായ അനീഷ് അരീക്കോട്, സുമ ശങ്കർ കൊല്ലം, ഷബീർ വയനാട്, സംസ്ഥാന ട്രെഷറർ ജോബിൻ തോമസ് വയനാട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.