ഉമ്മറും മക്കളും റമദാൻ വിഭവങ്ങൾ വിൽപനക്കായി ഒരുക്കുന്നു
അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിന് സമീപം കഴിഞ്ഞ മൂന്നുവർഷമായി റമദാൻ കാലത്ത് രുചിയൂറും വിഭവങ്ങൾ ഒരുക്കി ഒലവക്കോട്ട് ഉമ്മറും കുടുംബവും. വിവിധതരം കട്ട് ലൈറ്റുകൾ, കായബജി, മസാല ബോണ്ട, പരിപ്പുവട, പഴംപൊരി, ചട്ടിപ്പത്തിരി, മുളകുബജി തുടങ്ങിയ വിഭവങ്ങളാണ് ഇവർ ഒരുക്കുന്നത്.
നോമ്പുകാലത്ത് മാത്രം വീടിനോട് ചേർന്നാണ് ഇവരുടെ കച്ചവടം. മിതമായ നിരക്കിൽ അമിതലാഭം എടുക്കാതെ രുചികരമായ വിഭവങ്ങൾ വിൽക്കുക എന്നതിനാണ് ഈ കുടുംബം പ്രാധാന്യം നൽകുന്നത്. ഓരോ ദിവസത്തേക്കും ആവശ്യമായ വെളിച്ചെണ്ണ മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്.
ഭാര്യ നസീറ മക്കളായ മിസിരി, ബാസിത എന്നിവർ ചേർന്നാണ് വിഭവങ്ങൾ ഒരുക്കുന്നത്. രാവിലെ മുതൽ പ്രവർത്തനം ആരംഭിക്കും. ഉച്ചയോടെ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലമരും. വൈകീട്ട് മൂന്നോടെ കൊതിയൂറും മണവും രുചിയും നിറയുന്ന വിഭവങ്ങൾ വീടിന് മുന്നിലെ ചെറിയ മേശയിൽ നിരത്തും. വറവ് പലഹാരങ്ങളായതിനാൽ ഈച്ചയുടെയും മറ്റും ശല്യമില്ലാതിരിക്കാനായി വിഭവങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചാണ് വിൽപന.നോമ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ഒരുവിധം വിഭവങ്ങളെല്ലാം വിറ്റൊഴിയും. രുചി നോക്കാതെയും ഉപ്പും മുളകും മറ്റ് ചേരുവകളുമൊക്കെ പാകത്തിന് ആയി വരുന്നതും ഇവരുടെ മാജിക് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.