ഡീസൽ വില വർധനവും സ്ത്രീകളുടെ സൗജന്യ യാത്രയും പ്രതിസന്ധിയിലായി സ്വകാര്യ ബസ് ഉടമകൾ

തൃശൂർ: ജനപ്രിയ നയങ്ങളുമായി യു.ഡി.എഫ് സർക്കാർ മുന്നോട്ട് കുതിക്കാനൊരുങ്ങവെ കല്ലുകടിയായി ബസ് വ്യവസായ പ്രതിസന്ധി. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര പ്രഖ്യാപിച്ചത് മുതൽ തന്നെ ബസ് ഉടമകൾ ഉന്നയിച്ചിരുന്ന ഇക്കാര്യം ഡീസൽ വില വർധനവോടെ മൂർച്ഛിച്ചിരിക്കുകയാണ്.

സ്വകാര്യ ബസിലെ യാത്രക്കാരില്‍ 65 ശതമാനവും സ്ത്രീകളാണ്. ഇവർ യാത്ര ചെയ്യാതാകുന്നതോടെ വരുമാനത്തിൽ വലിയ നഷ്ടമാണ് ഉണ്ടാകുക. സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നതോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാരും സ്വാഭാവികമായും കെ.എസ്.ആർ.ടി.സിയിൽ തന്നെ യാത്ര ചെയ്യും. ഇതോടെ വിദ്യാർഥികള്‍ക്ക് വേണ്ടി മാത്രം സ്വകാര്യ ബസ് സര്‍വിസ് നടത്തേണ്ട അവസ്ഥ വരുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. ഈ തീരുമാനം മൂലം പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് വാദിക്കുന്നവരുമുണ്ട്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിൽ ധാരാളം സ്വകാര്യ ബസുകൾ ഉണ്ട്. ഈ മേഖലയുടെ നടുവൊടിക്കുന്നതാവും കെ.എസ്.ആര്‍.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പ്രഖ്യാപനമെന്നും കേരളത്തിൽ ഇത് പ്രായോഗികമല്ലെന്നും സംഘടനകൾ പറയുന്നു. ഇതിനിടെയാണ് ഇരുട്ടടിയായി ഡീസൽ വർധന ഉണ്ടായത്. ദിനംതോറും ഏകദേശം 350-400 രൂപയുടെ വർധനവാണ് ഓരോ ബസ് ഉടമക്കും ഡീസൽ വില വർധനവ് മൂലം ഉണ്ടായത്.

സ്ത്രീകളുടെ സൗജന്യയാത്രയും കൂടി വരുന്നതോടെ നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി എന്നിവ മൂലം ഇതിനോടകം പ്രതിസന്ധിയിലായ ബസ് വ്യവസായ മേഖല പാടെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് ബസുടമകൾ ഭയപ്പെടുന്നത്. ലക്ഷക്കണക്കിന് ജീവനക്കാരുടെ ഉപജീവനമാർഗം നഷ്ടപ്പെടുമെന്നും കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പറയുന്നു.

യാത്രാസൗജന്യം യു.ഡി.എഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. പുതിയ സർക്കാർ അധികാരം ഏറ്റെടുത്തയുടൻ സമരം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്നും സ്വകാര്യ ബസ് മേഖലക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം.എസ്. പ്രേംകുമാർ പറഞ്ഞു. 

Tags:    
News Summary - Private bus owners in crisis due to diesel price hike and free travel for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.