മാള: അഞ്ച് പഞ്ചായത്തുകളുടെ പ്രവർത്തന പരിധിയിൽ വരുന്ന മാള കെ. കരുണാകരൻ സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നിലച്ചു. സൂപ്രണ്ട് ഡോ. ആശാ സേവ്യറിനെ സ്ഥലം മാറ്റിയതോടെയാണ് സംഭവം. അതേസമയം, കുടുംബാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ വേണ്ടതില്ലെന്ന അഭിപ്രായവും ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്. ഇതോടെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. മാള പൊലീസ് സ്റ്റേഷനിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നവ ഇനി മുതൽ ഇതര സ്റ്റേഷൻ പരിധിയിൽ ചെയ്യേണ്ടിയും വരും. മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെ. കരുണാകരൻ സ്മാരക കുടുംബാരോഗ്യ കേന്ദ്രമാണിത്. 18 വർഷമായി ഇവിടെ ഉണ്ടായിരുന്ന സൂപ്രണ്ട് ഡോ. ആശാ സേവ്യറിനെ രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറ്റിയത്. മാള കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ എത്തിയെങ്കിലും പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കിയതായാണ് പറയുന്നത്. ഒന്നിലധികം മൃതദേഹങ്ങൾ കിടത്താനും സൂക്ഷിക്കാനും സൗകര്യമുള്ള മോർച്ചറിയാണ് മാളയിലുള്ളത്. കൂടുതൽ ഡോക്ടർമാരെ നിയമിച്ചാൽ വീണ്ടും പോസ്റ്റ്മോർട്ടം തുടങ്ങാമെന്ന് ജില്ല മെഡിക്കൽ ഓഫിസറെ അറിയിച്ചതായും സൂചനയുണ്ട്. ആശുപത്രിയിൽ മൂന്ന് സ്ഥിരം ഡോക്ടർമാരും ഒരു ഡെന്റൽ വിഭാഗം സർജനും രണ്ടു താൽക്കാലിക ഡോക്ടർമാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.