കൊടുങ്ങല്ലൂർ: ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ട് പതിറ്റാണ്ടിനുശേഷം പൂവത്തുംകടവ് പാലത്തിന് വഴിവിളക്ക് തെളിഞ്ഞപ്പോൾ അക്കരയും ഇക്കരയും ഉദ്ഘാടനവും ആഘോഷവും.
കനോലി കനാലിന് കുറുകെ മതിലകത്ത് പാലം വേണമെന്ന അരനൂറ്റാണ്ടിലേറെ പഴക്കംചെന്ന ആവശ്യത്തെ മറികടന്ന് നിലവിൽവന്ന പുവ്വത്തുംകടവ് പാലം 2003ലായിരുന്നു ഉദ്ഘാടനം. ഇതോടെ ശക്തിപെട്ട പ്രക്ഷോഭത്തിന് പിറകെ മതിലകം പാലവും യാഥാർഥ്യമായി.
അങ്ങനെ മതിലകം പഞ്ചായത്തിലെ അന്നത്തെ ഒന്നാം വാർഡിൽ രണ്ട് വലിയ പാലങ്ങളുണ്ടായി.
എന്നാൽ രണ്ട് പാലത്തിലും വെളിച്ചം ഉണ്ടായില്ല.
കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷം ജ്വല്ലറിയുടെ സഹായത്തോടെ മതിലകം പാലം പ്രകാശപൂരിതമായി. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഒരു പരസ്യകമ്പനിയുടെ സഹകരകരണത്തോടെയാണ് പുവ്വത്തുംകടവ് പാലം ഇരുട്ടിൽനിന്ന് മോചനമായത്. ഇതുസംബന്ധിച്ചാണ് ഇരുഭാഗത്തും അവകാശവാദം.
മതിലകം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡായ ഇക്കരയും വെള്ളാങ്കല്ലൂർ പഞ്ചായത്തിന്റെ ഭാഗമായ കനോലി കനാലിന് അക്കരയും വെവ്വേറെ ഉദ്ഘാടനവും ആഘോഷവും നടന്നു. ഇരുഭാഗത്തെ എം.എൽ.എമാരും പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന്റേതായിട്ടുപോലും ഏകീകരിച്ച ഉദ്ഘാടനം സംഘടിപ്പിക്കാനായില്ല. മതിലകം പഞ്ചായത്ത് ഭാഗം ഇ.ടി. ടൈസൺ എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. പാലത്തിൽ വെളിച്ചം കൊണ്ടുവരാൻ മറ്റുള്ളവരോടൊപ്പം ശ്രമം നടത്തിയ വാർഡ് പ്രതിനിധി സുമതി സുന്ദരൻ സ്വാഗതം പറഞ്ഞു.
എസ്.എൻ. പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ജെൻട്രിൻ, രജനി ബേബി, പ്രിയ ഹരിലാൽ, രാജു, സെക്രട്ടറി രാമദാസ് എന്നിവർ സന്നിഹിതരായിരുന്നു.
വെള്ളാങ്കല്ലൂർ ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് സ്വിച്ച് ഓൺ ചെയ്തു. അംഗങ്ങളായ സിന്ധു ബാബു, സുജന ബാബു ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.