തളിക്കുളം: ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് ഹരിത പ്രഖ്യാപനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.കെ. ബാബു അധ്യക്ഷത വഹിച്ചു. വലിച്ചെറിയൽ വിരുദ്ധ കാമ്പയിൻ പോലുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള നമ്പികടവ് ബീച്ച് മുതൽ ഇടശ്ശേരി ബീച്ച് വരെയുള്ള പ്രദേശങ്ങളെല്ലാം തന്നെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 50 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. മാലിന്യസംസ്കരണ കേന്ദ്രമായ എം.സി.എഫ് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു വരുന്നു.
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഹരിത പഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രധാന ജങ്ഷനുകൾ, മാർക്കറ്റുകൾ, ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, ഓഫിസുകൾ, ജല സുരക്ഷ എന്നീ മേഖലകൾ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളെയാണ് ഹരിത പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തത്.
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 12 വിദ്യാലയങ്ങൾ, 26 അംഗൻവാടികൾ, ഘടകസ്ഥാപനങ്ങൾ, ഓഫിസുകൾ, കുടുംബശ്രീ, സ്നേഹതീരം ബീച്ച് എന്നീ മേഖലകൾക്കാണ് ഹരിത പദവി നൽകുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ബുഷറ അബ്ദുൽ നാസർ, പഞ്ചായത്ത് അംഗങ്ങളായ ഐ.എസ്. അനിൽകുമാർ, വിനയ പ്രസാദ്, സന്ധ്യ മനോഹരൻ, സുമനാ ജോഷി, ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി സിന്ധു, അസിസ്റ്റന്റ് സെക്രട്ടറി തങ്കം, വി.ഇ.ഒ രശ്മി, ഹെൽത്ത് ഇൻസ്പെക്ടർ സിനി, കുടുംബശ്രീ ചെയർപേഴ്സൻ മീന രമണൻ, ബ്ലോക്ക് ഹരിത കേരളം മിഷൻ ആർ.പി. വൈഷ്ണവ്, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മുജീബ്, വെറ്ററിനറി ഡോക്ടർ ആര്യ, ഐ.ആർ.ടി.സി കോഓഡിനേറ്റർ സുജിത്ത്, സ്കൂൾ അധ്യാപകർ, സാക്ഷരത പ്രേരക് മിനി അംഗൻവാടി അധ്യാപകർ, ഹരിതകർമ സേന അംഗങ്ങൾ, ജല അതോറിറ്റി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.