വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു
വാടാനപ്പള്ളി: ശിലയിട്ട് എട്ട് വർഷത്തിനുശേഷം വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ കെട്ടിടനിർമാണം ആരംഭിച്ചു.
നിലവിൽ വാടാനപ്പള്ളി ആൽമാവ് സെന്ററിന് തെക്ക് ടിപ്പുസുൽത്താൻ റോഡിനടുത്ത് വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ. കെട്ടിടം ശോച്യാവസ്ഥയിലായതോടെയാണ് പുതിയത് നിർമിക്കുന്നത്.
ഇതിന് ഒമ്പതുവർഷം മുമ്പ് തൃശൂർ റോഡിൽ ധന്യ റിസോർട്ടിന് വടക്ക് സ്ഥലം കണ്ടെത്തി. സ്ഥലം വാങ്ങാൻ നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ കുടുംബം 10 ലക്ഷം രൂപയും നൽകി. പിന്നീട് കെട്ടിടം നിർമിക്കാൻ ഫണ്ടും അനുവദിച്ചു.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ആഘോഷമായി ശിലയിട്ടത്. ആറ് മാസത്തിനകം കെട്ടിടം നിർമിച്ച് തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. ശിലയിട്ടതല്ലാതെ നിർമാണം ആരംഭിച്ചില്ല.
മഴക്കാലത്ത് വെള്ളക്കെട്ടുള്ള സ്ഥലമാണ്. 2018ലെ പ്രളയത്തിൽ മുങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പണി വൈകിയത്. പിന്നീട്, അവിടെത്തന്നെ കെട്ടിടം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനടുത്തുകൂടി പുതിയ നാലുവരി പാത കടന്നുപോകുന്നുണ്ട്.
ഈ സ്ഥലത്തേക്ക് റോഡ് നിർമിച്ച് പൊക്കത്തിൽ മണ്ണ് അടിച്ചാണ് പണി ആരംഭിച്ചത്. വേഗം പണി പൂർത്തിയാക്കി പൊലീസ് സ്റ്റേഷൻ മാറ്റാനുള്ള ശ്രമമാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.