തൃശൂർ: കഴിഞ്ഞദിവസം രാത്രി വിയ്യൂർ പൊലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായെത്തിയ നാല് ഫോൺ കാളുകൾ. മദ്യപിച്ച് വഴക്കുണ്ടാക്കി ഗൃഹനാഥൻ ആത്മഹത്യഭീഷണി മുഴക്കുന്നുവെന്നായിരുന്നു കരഞ്ഞുകൊണ്ട് വീട്ടമ്മയുടെ പരാതി. സ്ഥലവും വീടുമെല്ലാം അവരിൽനിന്ന് മനസ്സിലാക്കി. സമയോചിതമായ ഇടപെടൽ നടത്തിയില്ലെങ്കിലുണ്ടാകുന്ന അപകടം പൊലീസുദ്യോഗസ്ഥർ മനസ്സിലാക്കി. അയാളോട് സംസാരിച്ച് നിൽക്കാൻ നിർദേശം നൽകി. ഉടൻ അസി. സബ് ഇൻസ്പെക്ടർ മാത്യൂസ് ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ. രതീഷ്, ഹോം ഗാര്‍ഡ് വി.ടി. തോമസ് എന്നിവര്‍ വാഹനത്തിൽ പുറപ്പെട്ടു. നിമിഷ നേരംകൊണ്ട് പൊലീസുകാർ അവിടെയെത്തി.
ഒരു കൈയിൽ വെട്ടുകത്തിയും മറുകൈയിൽ കയറുമായി വീടിെൻറ ബാൽക്കെണിയിൽനിന്ന് ആത്മഹത്യഭീഷണി മുഴക്കുന്ന ഗൃഹനാഥനെയാണ് അവർ കണ്ടത്. പൊലീസുകാർ പലതരത്തിലും അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അനുസരിക്കാതെ അയാൾ പാരപെറ്റിലേക്ക് ഇറങ്ങി.
അതിനിടയിൽ അസി. സബ് ഇൻസ്പെക്ടർ മാത്യൂസ് ജോസ് അയാളുടെ കണ്ണുവെട്ടിച്ച് വീടിനു പിറകിലൂടെ കയറി അയാൾ നിൽക്കുന്ന ബാൽക്കെണിക്കു പിറകിലെത്തി. ഉള്ളിൽനിന്ന് കുറ്റിയിട്ട വാതിൽ ചവിട്ടിത്തുറന്നു.
ആസമയം അക്രമാസക്തനായയാൾ പൊലീസുകാർക്കു നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഈ സമയം മറ്റു പൊലീസുകാർ അയാളുടെ അടുത്തേക്ക് ചാടിവീണ് സാഹസികമായി കീഴ്പ്പെടുത്തി. ശേഷം വീടിനു താഴേക്ക് എത്തിച്ചു. ആശ്വസിപ്പിച്ചും ജീവിക്കാനുള്ള പ്രേരണ പകർന്നുമാണ് പൊലീസുകാർ മടങ്ങിയത്. പിറ്റേന്ന് രാവിലെ ഇവരുമായി ബന്ധപ്പെട്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.