തൃശൂർ: പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഭരണാനുകൂല സംഘടനക്ക് കനത്ത തിരിച്ചടി. ഔദ്യോഗിക വിഭാഗത്തിലെ തൃശൂർ സിറ്റി ജില്ല പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവും ജില്ല എക്സിക്യൂട്ടീവ് അംഗവും പരാജയപ്പെട്ടു. പൊലീസ് അക്കാദമിയിലെ ജില്ല കമ്മിറ്റി ഔദ്യോഗികപക്ഷത്തിന് നഷ്ടമായി. ആകെ 58 സീറ്റുകളാണ് ഉള്ളത്. എ.ആര്. ക്യാമ്പിലെ 11 സീറ്റുകളില്‍ മത്സരമുണ്ടായെങ്കിലും മുഴുവന്‍ സീറ്റും ഭരണപക്ഷാനുകൂലികള്‍ നേടി. സിറ്റിയിൽ ആകെ മത്സരം നടന്ന 30 സീറ്റുകളിൽ ആറ് സീറ്റിലാണ് പ്രതിപക്ഷാനുകൂലവിഭാഗം വിജയിച്ചതെങ്കിലും ജില്ല പ്രസിഡന്റ് പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ ജില്ല പ്രസിഡൻറ് മധുവാണ് ഔദ്യോഗിക പക്ഷത്ത് നിന്നും പരാജയപ്പെട്ടത്. ഗുരുവായൂർ ടെമ്പിൾ, ചാവക്കാട്, ഗുരുവായൂർ, എരുമപ്പെട്ടി, ചെറുതുരുത്തി, മണ്ണുത്തി എന്നിവിടങ്ങളിലാണ് പ്രതിപക്ഷാനുകൂലവിഭാഗം വിജയിച്ചത്. നേരിട്ട് വോട്ട് ചെയ്യാൻ അവസരം നൽകാതെ ഭരണപക്ഷം സമ്മർദം ചെലുത്തി പ്രോക്സി ശേഖരിച്ച് വോട്ട് സമാഹരിച്ചതുകൊണ്ടാണ് ക്യാമ്പിൽ പരാജയപ്പെട്ടതെന്നാണ് ആരോപണം. റൂറലിൽ ആകെയുള്ള 31 സീറ്റിൽ മത്സരം നടന്ന 16 സീറ്റിൽ അഞ്ച് സീറ്റുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. ചാലക്കുടിയിൽനിന്ന് വിജയിച്ച മുൻ അസോസിയേഷൻ ജില്ല ട്രഷററും നിലവിൽ ജില്ല പൊലീസ് സഹകരണ സംഘം ബോർഡ് മെംബറുമായ വിൽസണാണ് വിജയിച്ചവരിൽ പ്രതിപക്ഷവിഭാഗത്തിലെ പ്രമുഖൻ. ജില്ലയിൽ പ്രതിപക്ഷവിഭാഗം പല സീറ്റിലും പരാജയപ്പെട്ടത് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലും നറുക്കെടുപ്പിലുമാണ്.
പൊലീസ് അക്കാദമിയിൽ ആകെയുള്ള അഞ്ച് സീറ്റുകളിൽ മൂന്ന് സീറ്റ് നേടി പ്രതിപക്ഷവിഭാഗം ഭരണം പിടിച്ചെടുത്തു. സംസ്ഥാനത്ത് ഭരണപക്ഷത്തിന് നഷ്ടപ്പെട്ട ഏക കമ്മിറ്റിയും ഇതാണ്. ഇവിടെ പ്രതിപക്ഷവിഭാഗത്തിലെ ഒരു സ്ഥാനാർഥിയുടെ നാമനിർദേശപത്രികയിൽ ക്ലരിക്കൽ അപാകത സൂചിപ്പിച്ച് തള്ളിയിരുന്നു. ഓഫിസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലുണ്ടായ ജാഗ്രത അസോസിയേഷൻ തെരഞ്ഞെടുപ്പിലുണ്ടാവാതിരുന്നതാണ് തിരിച്ചടിക്ക് കാരണം. അതേസമയം, സേനാംഗങ്ങളിലെ അതൃപ്തിയാണെന്നും പൊലീസുകാർക്കിടയിൽ ചർച്ചയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.