മുൻ എം.എൽ.എ പി.എ. മാധവൻ
തൃശൂർ: ജില്ലയിൽ ഇത്തവണ 13 നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ ജില്ലയിൽ പലയിടത്തും അവിശുദ്ധ കൂട്ടുകെട്ടാണ് നടന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചേലക്കര പോലുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തിയെന്നല്ലാതെ യു.ഡി.എഫ് വേണ്ടത്ര പ്രചാരണരംഗത്തുണ്ടായിരുന്നില്ല. എൻ.ഡി.എ ഘടകകക്ഷികൾ മത്സരിച്ച കുന്നംകുളം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ സംഘടന സംവിധാനം നിർജീവമായിരുന്നു. ഈ കൂട്ടുകെട്ടുകളെല്ലാം മറികടന്ന് മികച്ച വിജയം നേടാൻ എൽ.ഡി.എഫിന് സാധിക്കും.
സംസ്ഥാന സർക്കാറിന്റെ വികസന, ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളിലെത്തിച്ചാണ് എൽ.ഡി.എഫ് വോട്ട് തേടിയത്. ഇതിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിച്ചത്. മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.
മുൻ എം.എൽ.എ പി.എ. മാധവനുണ്ടായ വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മകൻ സമീർ എം. നായർ പൊലീസിൽ പരാതി നൽകിയത് അതീവ ഗൗരവമുള്ള വിഷയമാണ്. സ്വന്തം പാർട്ടിക്കുള്ളിലെ രാഷ്ട്രീയ പ്രശ്നങ്ങളാണോ അപകടത്തിന് പിന്നിലെന്ന മകന്റെ സംശയം ദൂരീകരിക്കപ്പെടണം. മാധവന് ചില ഭീഷണികൾ ഉണ്ടായിരുന്നെന്നും മാർച്ചിന് മുമ്പ് അദ്ദേഹത്തെ കിടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മകൻ വെളിപ്പെടുത്തിയിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് മണലൂർ മണ്ഡലത്തിന്റെ സംഘടന ചുമതല അദ്ദേഹത്തിനായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 21നാണ് മുണ്ടൂരിലെ വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ പി.എ. മാധവനെ വാഹനം ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കുടുംബം ഇപ്പോൾ രംഗത്തെത്തിയത്. ഇതിനുപുറമെ, കോൺഗ്രസിന്റെ ഭാരവാഹിത്വമുള്ള ഫിറോസ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം വേണം.
കോൺഗ്രസ് നേതാവ് തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഞെട്ടിക്കുന്നതാണ്. വാർത്തസമ്മേളനത്തിൽ ഇടതുമുന്നണി നേതാക്കളായ ഇ.എം. സതീശൻ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സി.ആർ. വത്സൻ, സി.എൽ. ജോയ്, മുഹമ്മദ് ചാമക്കാല, ജയ്ൻ മാണി, ഷബീർ തങ്ങൾ, വിബിൻ, വിനോദ്, അഡ്വ. സി.ടി. ജോഫി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.