തുമ്പൂർമുഴി ഫാമിൽ കൂട്ടിയിട്ട തടികൾ
അതിരപ്പിള്ളി: തുമ്പൂർമുഴിയിലെ കന്നുകാലി പ്രജനന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ മൂല്യമുള്ള തടികൾ വിൽപന നടപടിയിലേക്ക് പോകാതെ നശിക്കുന്നതായി പരാതി. 2018ലെ മഹാപ്രളയത്തിൽ ഫാമിനു മുകൾഭാഗത്തെ പുല്ലുമുടി മലയിലുണ്ടായ ഉരുൾപൊട്ടലിൽ മലമുകളിൽനിന്ന് കടപുഴകി വന്ന വന്മരങ്ങളുടെ തടി ഫാമിന്റെ പറമ്പിൽ ഇപ്പോഴും അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുകയാണ്.
ആറുവർഷം പിന്നിട്ടിട്ടും ഇതിനായി ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ലക്ഷങ്ങളുടെ വസ്തുവകകൾ ചിതൽതിന്നും മഴയും വെയിലും കൊണ്ട് നശിച്ചിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
ഇവയുടെ കണക്കെടുക്കുകയോ മൂല്യനിർണയം നടത്തി ലേലം ചെയ്യുകയോ ചെയ്യാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇതുകൂടാതെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചുവന്ന പാറക്കല്ലുകൾക്കടിയിൽപെട്ട ഫാമിലെ ടില്ലർ, ട്രാക്ടർ തുടങ്ങി നിരവധി യന്ത്രസാമഗ്രികൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ഈ യന്ത്രസാമഗ്രികളും പുല്ലുമൂടി തുരുമ്പെടുത്ത് നശിക്കുന്നു. ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കാരണം പൊതുഖജനാവിന് നഷ്ടമുണ്ടാകുന്ന അവസ്ഥയാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ കൊന്നക്കുഴി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.വൈ.എഫ് ജില്ല ജോയന്റ് സെക്രട്ടറി പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. പി.സി. പരമു അധ്യക്ഷത വഹിച്ചു.
സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം. ടെൻസൻ, ഷൈനി അശോകൻ, കെ.പി. ജോണി, ജോയ് ചില്ലായി, എം.എച്ച്. റഷിദ്, സി.സി. പ്രജു, സി.എൽ. ചാക്കുണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.