തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിനുള്ള അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ജില്ലയിൽ 22 സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളെ കിട്ടാനില്ല. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കും സ്ഥാനാർഥികളെ കിട്ടാത്തയിടങ്ങളുണ്ട്. ഇടത്-വലത് മുന്നണികൾക്ക് ഓരോ സീറ്റുകളിൽ സ്ഥാനാർഥികളില്ല. ആകെയുള്ള 30 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ കടപ്പുറം ഡിവിഷനിലേക്ക് ബി.ജെ.പിക്ക് നിർത്താൻ ആളില്ല. ഘടകകക്ഷികളിൽനിന്നുപോലും സ്ഥാനാർഥിയെ സംഘടിപ്പിക്കാനായില്ല.
ഒരുമനയൂർ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ ജ്യോതി ബാബുരാജിന്റെ മകൾ ശ്രീഷ്മ ബാബുരാജാണ് കടപ്പുറം ജില്ല പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി. മുസ്ലിം ലീഗിന്റെ സീറ്റാണിത്. മനുഷ്യാവകാശ പ്രകൃതി സംരക്ഷണ പ്രവർത്തകയായ സി.ബി. രാധികയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഐ.എൻ.എല്ലിനാണ് ഡിവിഷനിൽ എൽ.ഡി.എഫ് സീറ്റ് നൽകിയിരിക്കുന്നത്.
ഇവിടേക്കാണ് ബി.ജെ.പിക്ക് സ്ഥാനാർഥിയെ കിട്ടാതെ പോയത്. മത്സരിക്കുന്ന 29 ഡിവിഷനുകളിൽ 28ലും എൻ.ഡി.എയിൽ ബി.ജെ.പിയാണ് രംഗത്തുള്ളത്. തൃപ്രയാർ ഡിവിഷൻ ബി.ഡി.ജെ.എസിന് നൽകിയിട്ടുണ്ട്. ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറി അക്ഷയ് കൃഷ്ണയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.
ചാവക്കാട് േബ്ലാക്ക് മന്ദലാംകുന്ന് ഡിവിഷനിലാണ് എൽ.ഡി.എഫിന് സ്ഥാനാർഥി ഇല്ലാതായത്. അതുപോലെ യു.ഡി.എഫിന് സ്ഥാനാർഥി ഇല്ലാതായത് പത്രിക തള്ളിയതിനെ തുടർന്നാണ്. പടിയൂർ പഞ്ചായത്തിലെ 15ാം വാർഡിലാണ് യു.ഡി.എഫിന് സ്ഥാനാർഥി ഇല്ലാതായത്. കേരള കോൺഗ്രസിനായിരുന്നു സീറ്റ് നൽകിയത്. ഇവരുടെ പത്രിക തള്ളിയതോടെയാണ് മുന്നണിക്ക് സ്ഥാനാർഥി ഇല്ലാതായത്. ഈ ഓരോ സീറ്റുകൾ മാറ്റിനിർത്തിയാൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ സീറ്റുകളിലും ഔദ്യോഗിക സ്ഥാനാർഥികളായി.
ഇക്കുറി അധികാരം പിടിക്കുമെന്ന് ബി.ജെ.പി ആവർത്തിക്കുന്ന കൊടുങ്ങല്ലൂർ നഗരസഭയിലെ 24ാം വാർഡിൽ ബി.ജെ.പിക്ക് മത്സരിക്കാനാളില്ല. അതുപോലെ ചാവക്കാട് നഗരസഭയിൽ ഏഴ്, ഒമ്പത്, 20, 23, 29, 32, 33 വാർഡുകളിലും സ്ഥാനാർഥികളില്ല. കടവല്ലൂർ പഞ്ചായത്തിലെ 17ാം വാർഡ് ബി.ഡി.ജെ.എസിന് നൽകിയിരുന്നെങ്കിലും ഒടുവിൽ സ്വതന്ത്രനെ പിന്തുണക്കാനാണ് തീരുമാനം. മുല്ലശ്ശേരി േബ്ലാക്കിലെ പാടൂർ ഡിവിഷനിലും മത്സരിക്കാനാളില്ല.
സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാനെത്താൻ വൈകിയതാണ് കാരണം. വെങ്കിടങ്ങ് പഞ്ചായത്ത് രണ്ടാം വാർഡ്, ശ്രീനാരായണപുരം പഞ്ചായത്ത് 18ാം വാർഡ്, പാണഞ്ചേരി പഞ്ചായത്ത് 19, 20 വാർഡുകൾ, പൊയ്യ പഞ്ചായത്ത് ആറാം വാർഡ്, കടങ്ങോട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ, എരുമപ്പെട്ടി പഞ്ചായത്തിലെ രണ്ട് വാർഡുകൾ എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളെ നിർത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.