തൃശൂര്‍ കോർപറേഷനിലെ അവിശ്വാസം നാളെ

തൃശൂര്‍: കോര്‍പറേഷന്‍ എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച. അവിശ്വാസം പാസാകണമെങ്കിൽ ബി.ജെ.പി അംഗങ്ങളോ ഇടതുപക്ഷത്ത് നിന്നുള്ള രണ്ട് പേരോ, പിന്തുണക്കേണ്ടതുണ്ട്. എന്നാൽ, നിലവിൽ ബി.ജെ.പി ഇക്കാര്യത്തിൽ പരസ്യമായി നിലപാടെടുക്കാത്തതാണ് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത്.

അവിശ്വാസത്തെ ബി.ജെ.പി പിന്തുണക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതോടൊപ്പം ഇടത് ഭരണസമിതിയിലെ രണ്ട് സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് പറയുന്നു.

എന്നാൽ, ഇടതുപക്ഷത്തുനിന്ന് ആരും അവിശ്വാസത്തെ പിന്തുണക്കാനിടയില്ലെന്നും ഈ പ്രചാരണം ഇടതുപക്ഷത്ത് ഭിന്നിപ്പുണ്ടെന്ന പ്രചാരണത്തിന് വേണ്ടിയാണെന്നുമാണ് സി.പി.എം പറയുന്നത്.

55 അംഗ ഭരണസമിതിയിൽ ജനതാദൾ പ്രതിനിധി ഷീബ ബാബുവും കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും സ്വതന്ത്രരായ എം.എൽ. റോസിയും സി.പി. പോളിയും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്.

കോർപറേഷനിലെ ഇടത് ഭരണം 'ട്വിസ്റ്റ്'ആയിരുന്നു. നെട്ടിശ്ശേരിയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ. വർഗീസിനെ ഇടതുമുന്നണി വരുതിയിലാക്കുകയായിരുന്നു. കേവലഭൂരിപക്ഷമില്ലാതിരുന്ന ഇടതുമുന്നണിക്ക് വർഗീസിലൂടെ അപ്രതീക്ഷിതമായി തുടർഭരണം ലഭിച്ചു. ഈ ട്വിസ്റ്റ് അവിശ്വാസത്തിലും സംഭവിക്കുമെന്നാണ് ഇടതുമുന്നണി പറയുന്നത്.

തിരുവില്വാമലയിൽ ഭരണം അട്ടിമറിക്കാൻ കോൺഗ്രസിനൊപ്പം കൂടിയ സി.പി.എമ്മിന് പകരം വീട്ടാൻ കിട്ടിയ അവസരമായി അവിശ്വാസത്തെ പിന്തുണക്കണമെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗത്തി‍െൻറ അഭിപ്രായം. സുരേഷ്ഗോപിയിലൂടെ കോർപറേഷൻ വികസന പ്രവർത്തനങ്ങളിൽ ബി.ജെ.പി പങ്കാളിയാണ്.

കേന്ദ്ര ഫണ്ടിനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഈ സാഹചര്യത്തെ മുതലെടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്. അവിശ്വാസത്തെ പിന്തുണച്ച് തിരുവില്വാമലയുടെ പ്രതികാരം വീട്ടുകയും മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തി മത്സരിക്കുകയും പിന്മാറുകയും ചെയ്യുകയെന്നതാണ് മറ്റൊരു തലത്തിൽ ആലോചിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് മേയർക്കെതിരായ അവിശ്വാസവും ഉച്ചക്ക് ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസവും ചർച്ചക്കെടുക്കും.

Tags:    
News Summary - motion of non confidence in Thrissur Corporation tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.