representational image
മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ മലിനജലം കനാലിലേക്കൊഴുക്കുന്നത് അടിയന്തിരമായി തടയണമെന്ന് ആശുപത്രി വികസന സമിതി അംഗവും കെ.പി.സി.സി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്ത് ആവശ്യപ്പെട്ടു. നെഞ്ചുരോഗാശുപത്രിയിൽനിന്ന് മലിനജല സംസ്കരണ പ്ലാന്റിലേക്ക് മലിനജലം കൊണ്ടു പോകുന്ന പൈപ്പ് പൊട്ടി പരിസര പ്രദേശത്ത് ഒഴുകിയിരുന്ന മലിനജലം കനാലിലേക്ക് ഒഴുക്കിവിടുകയാണ്. രൂക്ഷമായ ദുർഗന്ധവും നിലനിൽക്കുന്നുണ്ട്.
ഒഴുക്കിവിടുന്ന മലിനജലം കനാലിലൂടെ ഒഴുകി അവണൂർ പഞ്ചായത്തിലെ വലിയ തോട്, വെളപ്പായ ചൂലിശേരി ചെറിയ തോട് എന്നിവയിലെത്താനും കുടിവെള്ള സ്രോതസ്സുകൾ മലിനമാകാനും അത് പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഏഴ് കോടിയോളം മുടക്കി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിലെ അപാകത മൂലം പ്രവർത്തനക്ഷമമല്ല.
ഇത് പ്രവർത്തനക്ഷമമാക്കുന്നതിനോ കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്നതിനോ മെഡിക്കൽ കോളേജ് അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് രാജേന്ദ്രൻ അരങ്ങത്ത് കുറ്റപ്പെടുത്തി. നിരവധി തവണ ആശുപത്രി വികസന സമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
മെഡിക്കൽ കോളേജിലെത്തുന്നവർക്കും പരിസരവാസികൾക്കും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മലിനജലപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, തൃശൂർ മെഡിക്കൽ ഓഫീസർ, ജില്ല കളക്ടർ എന്നിവർക്ക് കത്തയച്ചതായി രാജേന്ദ്രൻ അരങ്ങത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.