സച്ചിൻ
അന്തിക്കാട്: വാഹനം പാർക്ക് ചെയ്യുന്നതിനെ സംബന്ധിച്ച തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. മനക്കൊടി കിഴക്കുംപുറം സ്വദേശി ചുങ്കത്തലിക്കൽ വീട്ടിൽ സച്ചിനെയാണ് (20) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മനക്കൊടി കിഴക്കുംപുറം സ്വദേശി കാര്യാട്ടുക്കര വീട്ടിൽ സജിത്ത് കുമാറിനെയാണ് (42) ആക്രമിച്ചത്. സജിത്ത്കുമാർ സ്വന്തമായുള്ള ട്രാവലറുകൾ വീടിനടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലാണ് പാർക്ക് ചെയ്യുന്നത്. സച്ചിൻ ഗുഡ്സ് ഓട്ടോറിക്ഷ പാർക്ക് ചെയ്തതിന് പിറകിൽ ട്രാവലർ പാർക്ക് ചെയ്തിരുന്നു. ജൂലൈ 28ന് പുലർച്ച 3.30ന് ഗുഡ്സ് ഓട്ടോറിക്ഷ എടുക്കാനായി വന്ന സച്ചിൻ ട്രാവലർ മാറ്റുന്നതിനായി സജിത്ത് കുമാറിനെ വിളിച്ച് വരുത്തി. തുടർന്ന് വാക്കുതർക്കമായി. ഓട്ടോറിക്ഷ പറമ്പിൽ പാർക്ക് ചെയ്യരുതെന്ന് സജിത്ത് കുമാർ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ സച്ചിൻ, സജിത്ത് കുമാറിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഈ സംഭവത്തിന് അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സച്ചിനെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സച്ചിൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു പോക്സോ കേസിലും തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ കേസിലും പ്രതിയാണ്.
അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ, സബ് ഇൻസ്പെക്ടർ അഫ്സൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാനവാസ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.