തൃശൂർ: മച്ചാട് വനമേഖലയിൽനിന്ന് വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചതായി വനം വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാകമാകാത്തവയായതിനാൽ മിക്കതും മുറിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞമാസം അറസ്റ്റിലായ സേലം സ്വദേശികളാണ് മരംമുറിക്ക് പിന്നിലെന്നാണ് സംശയം.
വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മച്ചാട് റേഞ്ചിലെ ചേപ്പലക്കോട് കാപ്പി പ്രദേശത്തുനിന്ന് മരം മുറിച്ച സംഭവം പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.എ. അനസിന്റെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഈ അന്വേഷണത്തിലാണ് 22 മരങ്ങൾ മുറിച്ചതായി കണ്ടെത്തിയത്. പൂര്ണവളര്ച്ചയെത്താത്തവയായിരുന്നു കൂടുതലും. കാതലില്ലാത്തതിനാല്‍ അവ ഉപേക്ഷിച്ച നിലയിലായിരുന്നു. മുറിച്ച മരങ്ങള്‍ കടത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ പരിശോധന തുടരുകയാണ്. പതിനഞ്ച് ദിവസത്തില്‍ കൂടുതലായിട്ടില്ല മരം മുറിച്ചിട്ടിട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 19ന് മൊടവറക്കുന്നില്നിന്ന് മരം മുറിച്ചു കടത്തിയ സേലം, ഏര്‍ക്കാട് സ്വദേശികളെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിലൊരാള്‍ മച്ചാട് ഭാഗത്ത് എത്തിയിരുന്നതായി വിവരമുണ്ട്. അതുകൊണ്ടുതന്നെ അവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് മരം മുറിയെന്ന നാട്ടുകാരുടെ ആരോപണവും അന്വേഷിക്കുന്നുണ്ട്.
വടക്കാഞ്ചേരി: ചന്ദന മരങ്ങൾ മുറിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മച്ചാട് റേഞ്ച് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുരിയൻ അധ്യക്ഷത വഹിച്ചു. ജോസഫ് ചാലിശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, ഷാഹിദ റഹ്മാൻ, വൈശാഖ് നാരായണ സ്വാമി, ജയൻ ചേപ്പലക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.