വടക്കാഞ്ചേരി: നഗരസഭയിൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. 2015 നവംബർ ഒന്നിന് രൂപീകരിച്ചതു മുതൽ തുടർച്ചയായി ഭരിക്കുന്ന എൽ.ഡി.എഫ് വികസനത്തിന്റെ ഹാട്രിക് ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ, അഴിമതിയും വികസന മുരടിപ്പും ഉയർത്തി യു.ഡി.എഫും അട്ടിമറി വിജയത്തിനായി ബി.ജെ.പിയും രംഗ
ത്തുണ്ട്. 41 ഡിവിഷനുകൾ ഉണ്ടായിരുന്ന നഗരസഭയിൽ പുനർവിഭജനത്തോടെ 42 ഡിവിഷനുകളിലാണ് മത്സരം നടക്കുക. കഴിഞ്ഞ തവണ എൽ.ഡി.എഫിന് 23 സീറ്റും യു.ഡി.എഫിന് 17 സീറ്റും ബി.ജെ.പി ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. പി.എൻ. സുരേന്ദ്രൻ ചെയർമാനായും ഒ.ആർ. ഷീല മോഹൻ വൈസ് ചെയർപേഴ്സനായും ഭരണം നടത്തിയ എൽ.ഡി.എഫ്, സ്വരാജ് ട്രോഫി ഉൾപ്പെടെ ലഭിച്ച പുരസ്കാരങ്ങളും, പത്തു വർഷത്തെ സുസ്ഥിര വികസന നേട്ടങ്ങളും എടുത്തുപറഞ്ഞാണ് വോട്ട് തേടുന്നത്.
നഗരസഭയിൽ മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും ഇത്തവണ 30 മുതൽ 35 സീറ്റുകൾ വരെ പിടിക്കാൻ സാധിക്കുമെന്നും, യുവജനങ്ങളെയും സ്ത്രീകളെയും മുൻനിർത്തി ശക്തമായ സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത് എന്നും നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, എൽ.ഡി.എഫ് ഭരണത്തിലെ വികസന കോട്ടങ്ങളും അഴിമതി ആരോപണങ്ങളുമാണ് യു.ഡി.എഫ് ആയുധമാക്കുന്നത്. ഗ്രൗണ്ട് നിർമാണവും ബൈപ്പാസ് നിർമാണവും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ഇൗ വിഷയങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് ഭരണം പിടിക്കുമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എസ്.എ.എ. ആസാദ് പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളും പ്രാദേശിക വികസന മുരടിപ്പും ചൂണ്ടിക്കാട്ടി യുവജനങ്ങളെയും യുവതികളെയും മുൻനിർത്തിയാണ് ബി.ജെ.പി മത്സരത്തിനിറങ്ങുന്നത്. ഇത്തവണ ഭരണം പിടിച്ചിരിക്കുമെന്ന് ബി.ജെ.പി ജില്ല നോർത്ത് ജനറൽ സെക്രട്ടറി നിത്യ സാഗർ അവകാശപ്പെടുന്നു. ത്രികോണ മത്സരം മുറുകുന്നതോടെ വടക്കാഞ്ചേരി നഗരസഭയിലെ ജനവിധി ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.