വാടാനപ്പള്ളി: വയസ്സ് 91 ആയെങ്കിലും വിശാലാക്ഷി ടീച്ചർക്ക് ഇപ്പോഴും രാഷ്ട്രീയവും പൊതുപ്രവർത്തനവും ആവേശം. സി.പി.എമ്മിൽ സാധാരണ പ്രവർത്തകയായി തുടങ്ങി ജില്ല കമ്മിറ്റി അംഗം വരെയായ ടീച്ചർ ജില്ല പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റുമായിരുന്നു. തളിക്കുളം തമ്പാൻകടവ് ടാഗോർ എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന വിശാലാക്ഷി ടീച്ചർ ചെറുപ്പം മുതലേ പാർട്ടി പ്രവർത്തനരംഗത്ത് സജീവമായുണ്ട്.
സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്ന ടീച്ചർ 1978 ലാണ് ജില്ല കമ്മിറ്റിയിൽ എത്തിയത്. വളരെക്കാലം ജില്ല കമ്മറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. ജില്ല കൗൺസിൽ നിലവിൽ വന്നതോടെ മത്സരിച്ച് വൻ വിജയം നേടിയ ടീച്ചർ ജില്ല കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് ജില്ല കൗൺസിൽ നിർത്തലാക്കിയ ശേഷം ജില്ല പഞ്ചായത്ത് നിലവിൽ വന്നതോടെ 1995 ൽ തളിക്കുളം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു. അങ്ങനെ ജില്ല പഞ്ചായത്തിന്‍റെ ചരിത്രത്തിലെ പ്രഥമ പ്രസിഡന്‍റുമായി. 2000 ത്തിലും മത്സരിച്ച് വിജയിച്ച ഇവർ വീണ്ടും പ്രസിഡന്റായിരുന്നു.
ഒരു വീട്ടിൽ തന്നെ കഴിയുന്ന മകനും മരുമകളും ആർ.എം.പിയുടെ നേതാക്കളായി എതിർപക്ഷത്ത് നിൽക്കുമ്പോഴും ടീച്ചർക്ക് പാർട്ടി എന്നത് എല്ലാം തന്നെയാണ്. 2003ൽ തളിക്കുളത്ത് സി.പി.എം പിളർന്നപ്പോൾ മകനും മരുമകളും വിമത പക്ഷത്തേക്ക് മാറിയപ്പോഴും സി.പി.എമ്മിനൊപ്പം ടീച്ചർ ഉറച്ചു നിന്നു. പാർട്ടി കാര്യം പറഞ്ഞാൽ ആവേശം ഇപ്പോഴും ഉണ്ടെങ്കിലും വീണ്ടും തെരഞ്ഞെടുപ്പ് എത്തിയതോടെ വീട്ടിൽ വിശ്രമിക്കുകയാണ് ഇവർ. ടീച്ചറുടെ മകനും എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മറ്റി അംഗവും സി.പി.എം മുൻ നേതാവുമായിരുന്ന ടി.എൽ. സന്തോഷ് ഇപ്പോൾ ആർ.എം.പിയുടെ സംസ്ഥാന പ്രസിഡന്റാണ്. പാർട്ടി പിളരും മുമ്പ് സന്തോഷ് എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
സി.പി.എം തളിക്കുളം ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. വിമതപക്ഷം ഭരിക്കുന്ന തളിക്കുളം സർവിസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് ഇപ്പോൾ സന്തോഷ്. ഭാര്യ സ്നേഹ ലിജിയും ആർ.എം.പി ലോക്കൽ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലും അംഗമാണ്. എസ്.എഫ്.ഐ നേതാവായിരുന്ന ഇവർ നേരത്തെ കേരളവർമ കോളജ് വൈസ് ചെയർമാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.