കാറളത്ത് അമ്പത് വര്‍ഷം തികക്കാന്‍ എല്‍.ഡി.എഫ്, തടയിടാന്‍ ബി.ജെ.പിയും യു.ഡി.എഫും

കാറളം: സാധാരണക്കാരും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമേറെയുള്ള കാര്‍ഷികഗ്രാമമായ കാറളം പഞ്ചായത്ത് എക്കാലത്തും ഇടതുവശം ചേർന്നാണ് സഞ്ചരിക്കാറുളളത്. 15 വാര്‍ഡുകളാണ് നിലവിലുണ്ടായിരുന്നത്. മൃഗീയഭൂരിപക്ഷമാണ് എല്‍ഡി.എഫിനുള്ളത്. എല്‍.ഡി.എഫ് -12 , ബി.ജെ.പി- രണ്ട്, യു.ഡി.എഫ് -ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ 45 വര്‍ഷവും കാറളം പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. എന്നാല്‍, 2019ലും 2024ലും ലോകസഭ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്കായിരുന്നു ഭൂരിപക്ഷം.

അതേസമയം, 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഒന്നാം സ്ഥാനത്തും യു.ഡി.എഫ് രണ്ടാം സ്ഥാനത്തുമായിരുന്നു. ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളില്‍ മാത്രമേ ബി.ജെ.പിക്ക് വിജയിക്കാനായുള്ളൂവെങ്കിലും 1,3,5,6,7,9,10,13,14 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്താണ്. ആറാം വാര്‍ഡ് ഒരു വോട്ടിനാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്.

ഇത്തവണ16 വാര്‍ഡുകളായി. ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലും പോരാട്ടത്തിലുമാണ് എല്‍.ഡി.എഫ്. ശക്തരും പരിചയസമ്പന്നരുമായ സ്ഥാനാർഥികളാണ് ഇത്തവണ എല്‍.ഡി.എഫ് പട്ടികയിൽ. ഒന്നാംവാര്‍ഡില്‍ കെ.എസ്. മോഹനന്‍, രണ്ടാം വാര്‍ഡില്‍ അഡ്വ. അനീഷ് ശശീധരന്‍, മൂന്നാം വാര്‍ഡില്‍ മാഗി ടീച്ചര്‍, നാലാം വാര്‍ഡില്‍ മിനി രാജന്‍, അഞ്ചാം വാര്‍ഡില്‍ മുൻ േബ്ലാക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ്. രമേഷ്, ആറാം വാര്‍ഡില്‍ ബിന്ദു സാജു കുഞ്ഞിലിക്കാട്ടില്‍, ഏഴാം വാര്‍ഡില്‍ ടി. പ്രസാദ്, എട്ടാം വാര്‍ഡില്‍ പ്രദീപ് പട്ടാട്, ഒമ്പതാം വാര്‍ഡില്‍ എം. സുധീര്‍ദാസ്, പത്താം വാര്‍ഡില്‍ കെ.കെ. ശിവന്‍കുട്ടി, 11ാം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സുഭാഷ് തുടങ്ങിയവരാണ് രംഗത്തുളളത്. മന്ത്രി. ആര്‍ ബിന്ദുവിന്റെ സജീവ സാന്നിധ്യവും വികസനരംഗത്ത് അനുവദിച്ച എം.എല്‍.എ ഫണ്ടുകളും ആത്മവിശാസം നൽകുന്നതായി എല്‍.ഡി.എഫ് പറയുന്നു.

ബി.ജെ.പിയും ശക്തമായ നിരയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പങ്കെടുപ്പിച്ചുളള കുടുംബ യോഗങ്ങളും സംസ്ഥാന നേതാക്കളുടെ പര്യടനങ്ങളും 16 വാര്‍ഡുകളിലും നടന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുളള യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. ഭരണം നേടുകയോ അല്ലെങ്കില്‍ പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമായി മാറുകയോ ചെയ്യാനാണ് യു.ഡി.എഫ് ശ്രമം. മുന്‍ പഞ്ചായത്ത് അംഗം കെ.ബി. ഷമീര്‍, മുകുന്ദന്‍ കളരിക്കല്‍, പ്രീത ടീച്ചര്‍, ദീപ്തി ഹേമന്ത്, ബിജോയ് നെല്ലിപറമ്പില്‍ തുടങ്ങിയ യുവരക്തങ്ങളെയാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്‌. 

Tags:    
News Summary - LDF to complete fifty years in Karalam, BJP and UDF to block it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.