തൃശൂർ: ആരോടും പരിഭവങ്ങളില്ലാത്ത മോണിയുടെ ജീവനെടുത്ത ക്രൂരകൃത്യം മനോജും കൂട്ടാളിയും നടപ്പാക്കിയത് വീടിനു മുന്നിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിന്. നേരത്തെ നിരവധി തവണ വീടിന് സമീപമിരുന്നുള്ള മദ്യപാനത്തെ സ്നേഹത്തോടെ തന്നെ മോണിയും മറ്റ് നാട്ടുകാരും മനോജിനെയും കൂട്ടരെയും വിലക്കിയിരുന്നു. പക്ഷേ, സംഭവനാളിൽ മോണി ഇത് ഇവിടെ പാടില്ലെന്ന് കർശനമായി പറഞ്ഞത് പ്രതികൾക്ക് ഇഷ്ടപ്പെട്ടില്ല.
വീട്ടുമുറ്റത്തുനിന്ന് മോണിയെ വലിച്ചിറക്കി വീടിനു മുൻവശത്തെ റോഡിലേക്ക് കൊണ്ടുപോയി വീടിന്റെ മതിലിൽ ചേർത്തുനിർത്തി പൊട്ടിച്ച സോഡാ കുപ്പിയുടെ കൂർത്ത അഗ്രഭാഗം കൊണ്ട് കുത്തുകയായിരുന്നു. ചീറ്റിത്തെറിച്ച ചോരയിലും ലഹരി തലക്കടിച്ച മനോജിനും സുനിലിനും പകയൊടുങ്ങിയില്ല. ഭാര്യയുടെയും രണ്ടു മക്കളുടെയും മുന്നിലിട്ടാണ് മോണിയെ കുത്തിയത്.
ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ അയൽവാസി പ്രിൻസിനെ കണ്ടപ്പോഴാണ് പ്രതികൾ മോണിയെ വിട്ട് ഓടിപ്പോയത്. ചോരവാർന്ന് കിടന്ന മോണിയെ മകൻ ആബിൻസും പ്രിൻസും ചേർന്ന് അയൽവാസിയായ ബിനു ഡയസിന്റെ കാറിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
ആദ്യം തൃശൂർ അശ്വനി ആശുപത്രിയിലും തുടർന്ന് എലൈറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോണിയുടെ മകന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദൃക്സാക്ഷികളായ മോണിയുടെ മകൻ അബിൻസും മകൾ അലീനയും കോടതിയിൽ മൊഴിനൽകി.
തന്റെ മുന്നിലൂടെ ഓടിപ്പോയ ഒന്നാം പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞ് പ്രിൻസും ആശുപത്രിയിലെത്തിച്ച ബിനു ഡയസും കോടതിയിൽ മൊഴി നൽകി. സാക്ഷിമൊഴികൾ കൂടാതെ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൽ കണ്ട രക്തക്കറ മോണിയുടെ രക്തഗ്രൂപ്പിൽ ഉൾപ്പെട്ടതാണെന്ന തൃശൂർ റീജനൽ ഫോറൻസിക് ലബോറട്ടറിയിലെ പരിശോധന ഫലം കേസിൽ നിർണായകമായി. ശാസ്ത്രീയ പരിശോധനകൾ നടത്തിയ വിദഗ്ധരെയും പ്രോസിക്യൂഷൻ വിസ്തരിച്ചു.
സ്ഥലത്തുനിന്ന് ലഭിച്ച ഷർട്ട് ബട്ടൺസുകൾ പ്രതി സംഭവ സമയം ധരിച്ചിരുന്ന ഷർട്ടിലെ ബട്ടൺസുകളുമായി സാമ്യവും സാദൃശ്യവുമുള്ളതാണെന്ന റീജനൽ ഫോറൻസിക് ലബോറട്ടറിയുടെ ഫിസിക്സ് ഡിവിഷന്റെ പരിശോധന ഫലവും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. 2011 ജൂലൈയിലുണ്ടായ സംഭവത്തിൽ 12 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.