തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പൊളിക്കൽ തകൃതിയായി തുടരുമ്പോഴും ബദൽ സംവിധാനങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓഫിസ് മാറ്റൽ അവസാന ഘട്ടത്തിലാണ്. ബദലായി കണ്ടെത്തിയ വടക്കേ സ്റ്റാൻഡിലെ സ്ഥലം അനുവദിച്ച് തൃശൂർ നഗരസഭ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതോടെ തൃശൂരിലെത്തുന്ന ബസുകൾ താൽക്കാലികമായി ശക്തൻ സ്റ്റാൻഡിന് സമീപത്തെ പ്രദേശത്ത് നിർത്തിയിടുകയാണ് ചെയ്യുന്നത്. പാലക്കാട്ടേക്കും തെക്കൻ ജില്ലകളിലേക്കുമുള്ള സർവിസുകളാണ് ഇവിടം ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. മറ്റ് സർവിസുകൾ നിലവിൽ സ്റ്റാൻഡിലെ സൗകര്യം ഉപയോഗിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്.
സ്റ്റാൻഡ് പൊളിക്കലും പുതിയ കെട്ടിട നിർമാണത്തിനായുള്ള മണ്ണ് പരിശോധനയും അതിദ്രുതം മുന്നോട്ടുപോകുകയാണ്. ഇതോടൊപ്പം നിലവിലെ സ്റ്റാൻഡിൽ താൽക്കാലിക സ്റ്റേഷൻ ഓഫിസിന്റെ നിർമാണവും നടക്കുന്നുണ്ട്. ശക്തൻ സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ഓഫിസിനായി കണ്ടെത്തിയ സ്ഥലത്ത് പെയിന്റിങ് അടക്കം പൂർത്തിയായിട്ടുണ്ട്. ഇവിടെ വൈദ്യുതി അടക്കം ലഭിച്ചാലുടൻ ഓഫിസ് മാറ്റാനുള്ള നടപടികൾ ആരംഭിക്കും. അടുത്തയാഴ്ചയോടെ ഓഫിസ് മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പഴയ വടക്കേ സ്റ്റാൻഡ് താൽക്കാലികമായി കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കുന്നത് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനമെടുക്കും. ഇത് അനുവദിച്ചാൽ ഉടൻ ഹാൾട്ട് സർവിസുകൾ അടക്കം അങ്ങോട്ടേക്ക് മാറ്റും. താൽക്കാലിക സ്റ്റേഷൻ ഓഫിസും ആരംഭിക്കും. സ്റ്റാൻഡ് പൂർണമായും പൊളിച്ച ശേഷം ഗതാഗതം നിരീക്ഷിച്ച ശേഷം മാത്രമേ അന്തിമ തീരുമാനങ്ങളുണ്ടാകാൻ സാധ്യതയുള്ളൂ.
തൃശൂർ: നഗരമധ്യത്തിലുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പൊളിച്ചു പുതുക്കി പണിയുമ്പോഴും പാർക്കിങ് സൗകര്യമില്ല. നിലവിലെ സ്റ്റാൻഡിന് മധ്യഭാഗത്തായാണ് പുതിയ സ്റ്റാൻഡ് പണിയുന്നത്. നിലവിലെ സ്റ്റാൻഡിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കാര്യമായ സൗകര്യമില്ല. പുതുക്കി പണിയാൻ കരാർ നൽകിയപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാക്കിയിട്ടില്ലെന്നാണ് ആക്ഷേപം.
പാർക്കിങ്ങിന് ഏറെ ബുദ്ധിമുട്ടുന്ന നഗരത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കുമ്പോൾ തന്നെ അണ്ടർ ഗ്രൗണ്ട് പാർക്കിങ് സൗകര്യം ഒരുക്കിയാൽ കെ.എസ്.ആർ.ടി.സിക്കും യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. വാഹനങ്ങളുടെ പാർക്കിങ് നിരക്കിലൂടെ കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ടാക്കാൻ സാധിക്കും. ഇതോടൊപ്പം യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുമാകും. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ അടക്കം സ്റ്റാൻഡിന് പുറത്തുള്ള റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. സുരക്ഷിതത്വമില്ലായ്മക്കൊപ്പം ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നുണ്ട്.
സ്റ്റീൽ സ്ട്രക്ചറിൽ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഭുഗർഭ പാർക്കിങ് സൗകര്യം ഒരുക്കാമെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ അടക്കം ചൂണ്ടിക്കാട്ടുന്നത്. സ്റ്റാൻഡ് പൊളിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും മുമ്പ് ഇക്കാര്യം ചെയ്താൽ ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന് ജീവനക്കാരും യാത്രക്കാരും ഒരുപോലെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.