തൃശൂർ: ‘കില’ ബൈലോയിലെ നിബന്ധനകളും ഹൈകോടതി വിധിയും മറികടന്ന് കില ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60ൽ നിന്ന് 70 ആക്കാൻ നീക്കം. കില ബൈലോയും എച്ച്.ആർ പോളിസിയും അനുസരിച്ച് ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60 ആണ്. ഗവേഷണ ബിരുദവും 10 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും യോഗ്യതകളാണ്. ഇടക്കാലത്ത് ഈ പദവി ഐ.എ.എസ് കേഡർ ആയിരുന്നു. കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് അക്കാദമിക പദവി ആക്കി പുനഃസ്ഥാപിച്ചിരുന്നു.
60 വയസ്സിന് ശേഷവും പ്രത്യേക സർക്കാർ ഉത്തരവിലൂടെ തുടർന്നു എന്നതാണ് ഡോ. ജോയ് ഇളമൺ 2024ൽ പദവിയിൽനിന്ന് പുറത്ത് പോകാനുണ്ടായ സാഹചര്യം. അന്ന് ആലത്തൂർ എം.പി ആയിരുന്ന രമ്യ ഹരിദാസ് നൽകിയ കേസിലാണ് ഡോ. ജോയ് ഇളമണ് എതിരായി വിധിയുണ്ടായത്. എന്നാൽ, പുതിയ സർക്കാർ അധികാരമേറ്റെടുത്ത ശേഷം കില ഡയറക്ടർ ജനറലിന്റെ പ്രായപരിധി 70 ആക്കാൻ ശ്രമം നടത്തുന്നതായി വിശ്വസ്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
ഇതിനാവശ്യമായ ഭേദഗതികൾ ബൈലോയിലും എച്ച്.ആർ പോളിസിയിലും വരുത്താനാണ് നീക്കം. സർവകലാശാല വൈസ് ചാൻസലർമാരുടെ പോലും പ്രായപരിധി 65ൽ താഴെയാണ്. അന്താരാഷ്ട്ര പ്രശസ്തിയുള്ളതും കേന്ദ്രസർക്കാറിന്റെ മികച്ച പരിശീലന സ്ഥാപനത്തിനുള്ള അവാർഡ് തുടർച്ചയായി രണ്ട് വർഷം ലഭിക്കുകയും ചെയ്ത സ്ഥാപനമാണ് കില. വിദഗ്ധർ ഉൾപെട്ട സെർച്ച് കമ്മിറ്റിയെ രൂപീകരിച്ച് മികച്ച ഡയറക്ടർ ജനറലിനെ കണ്ടെത്തുന്നതിന് പകരം പ്രായപരിധി ഉയർത്തി ഇഷ്ടക്കാരെ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ആർ.ജി.എസ്.എ പദ്ധതിയിൽ ജോലി ചെയ്യുന്ന ജില്ല കോഓഡിനേറ്റർമാർ, ഹെഡ് ക്വാർട്ടേഴ്സിലെ കോഓഡിനേറ്റർമാർ എന്നീ 20 പേരെ നോട്ടിസ് കാലാവധി പോലും പാലിക്കാതെ ജൂലെ ആദ്യത്തിൽ പിരിച്ചുവിട്ടിരുന്നു. ഇത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കിലയുടെ ഹെൽപ് ഡസ്കിലേക്ക് 60ന് മുകളിൽ പ്രായമുള്ള എട്ടു പേരെയും ചെറുപ്പക്കാരായ രണ്ട് പേരെയും പ്രതിമാസം 30,000 രൂപ ശമ്പളത്തിൽ നിയമിച്ചിരുന്നു. കരാർ നിയമനങ്ങൾക്ക് വേണ്ട നടപടിക്രമങ്ങൾ പാലിക്കാതെ ഡയറക്ടർ ജനറലിന്റെ ഉത്തരവ് വഴി നേരിട്ട് നിയമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.