നബി ദിനാഘോഷത്തെയും തിരുവോണത്തെയും വരവേറ്റ് മുള്ളൂർക്കര കണ്ണംപാറ പള്ളിക്ക് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ്

നബിദിനത്തെയും ഓണത്തെയും വരവേറ്റ് പള്ളിക്ക് മുന്നിൽ ഫ്ലക്സ്; മതസൗഹാർദത്തിന് മഹിത മാതൃകയായി യുവാക്കൾ

ചെറുതുരുത്തി: പ്രവാചകൻ മുഹമ്മദ് നബിയുടെ 1501ാം ജന്മദിനത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ മുള്ളൂർക്കര കണ്ണംപാറയിൽ മതസൗഹാർദത്തിന് മഹിത മാതൃകയാവുകയാണ് ഒരുപറ്റം യുവാക്കൾ. പള്ളി മദ്റസയുടെ മുമ്പിൽ വലിയ ഫ്ലക്സ് ബോർഡിൽ നബിദിനത്തെ വരവേൽക്കാൻ ഓണാശംസകൾ കൂടി ചേർത്ത് ദഫിന് പങ്കെടുക്കുന്ന ആൺകുട്ടികളുടെയും ഒപ്പം മറ്റു പരിപാടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെയും ചിത്രങ്ങൾ അടങ്ങുന്ന ഫ്ലക്സ് ബോർഡ് ആണ് പള്ളി കമ്മിറ്റിയുടെ അനുവാദത്തോടെ ബിജീഷ്, നികേഷ്, ലിനീഷ്, കൃഷ്ണജിത്ത്, അജയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്.

ഉസ്താദും പള്ളി ഖത്തീബുമായ ഹംസക്കുട്ടി മൗലവി ഫ്ലക്സ് ബോർഡിന്റെ കാര്യം പറയുകയും ഉടൻ അവർ നബിദിനവും ഓണവും വരവേൽക്കുന്ന ഫ്ലക്സ് നമുക്ക് വെക്കാമെന്ന് പറഞ്ഞ് ബോർഡ് സ്ഥാപിക്കുകയായിരുന്നു. ബോർഡ് കണ്ടതോടെ ഈ വഴിക്ക് പോകുന്ന നിരവധി ആളുകളാണ് ഫോട്ടോയും സെൽഫിയും എടുക്കുന്നത്. ഇത്തവണ ഒന്നാം ഓണത്തിനാണ് നബിദിനം.

പഴയ നാട്ടുനന്മകളെ ചേർത്തുപിടിച്ച് മാനവികതയുടെ സന്ദേശമാണ് കണ്ണംപാറയിൽ കാണാൻ കഴിയുക. വൈകുന്നേരങ്ങളിൽ പള്ളിയുടെ മുമ്പിൽ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്ന കാരണവന്മാർക്ക് മഴ പെയ്താൽ പിന്നെ ഇരിപ്പിടം പള്ളി വരാന്തയിലാണ്.

കണ്ണംപാറയിലെ ഷഷ്ടി പോലുള്ള ഉത്സവങ്ങൾക്ക് വരുന്ന കലാകാരന്മാർ കാവടിയടക്കമുള്ള അവരുടെ വാദ്യോപകരണങ്ങൾ മഴ കൊള്ളാതെ സൂക്ഷിക്കുന്നത് ഷീറ്റ് മേഞ്ഞ മദ്റസ മുറ്റത്താണ്. അവർക്കാവശ്യമായ ഇരിപ്പിടങ്ങളും കുടിവെള്ളവും ഇവിടെയുണ്ട്. ഈ വർഷത്തെ നബിദിനവും ഓണവും ഒന്നിച്ചാഘോഷിക്കാനുള്ള തയാറെടുപ്പിലാണ് കണ്ണംപാറ നിവാസികൾ. പതിവുപോലെ ഇപ്രാവശ്യവും കുറുമ്പൂര് മണി, കുന്നത്ത് കുമാരൻ, വിളക്കത്തറ നാരായണൻ, മുരളീധരൻ തുടങ്ങിയവർ നബിദിനാഘോഷ ചെലവിലേക്ക് ആദ്യ സംഭാവന നൽകിക്കഴിഞ്ഞു.

എല്ലാറ്റിനും നേതൃത്വം നൽകാനായി ഇമാം കെ.എ. ഹംസക്കുട്ടി മൗലവിയും കൂടെ അബൂബക്കർ ഹാജി, ഉമ്മർക്ക, നാരായണൻ നായർ, കുമാരേട്ടൻ, ബാലേട്ടൻ, മണിയേട്ടൻ തുടങ്ങി ഒട്ടേറെ കാരണവന്മാരും ഉണ്ട്.

Tags:    
News Summary - Flex in front of mosque on the occasion of Prophet's Day and Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.