സാറാ ജോസഫ്
തൃശൂർ: എഴുത്തുകാരി സാറാ ജോസഫിന്റെ പുതിയ നോവലായ ‘ഓപ്പറ ബോക്സ്’ നാടകമാകുന്നു. അമ്മയെഴുതിയ നോവലിന്റെ ഭാഗമായ നാടകം സംവിധാനം ചെയ്യുന്നത് മകൻ. അരങ്ങിൽ പ്രധാന വേഷത്തിലൊരാളായി മകളും. ‘ഓപ്പറ ബോക്സ്’ അടിമുടി നാടകമാവുന്ന നോവലാണ്. നോവലിൽ റജീന മോളിയർ എന്ന നാടകപ്രവർത്തക മുഖ്യകഥാപാത്രമായി വരുന്ന നാടകമായ ‘പ്രോജക്ട് തീൻമേശ’യാണ് അതേ പേരിൽ സാറാ ജോസഫിന്റെ മകൻ വിനയകുമാർ അരങ്ങിലെത്തിക്കുന്നത്. നോവലിന്റെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അഗതയായി വേഷമിടുന്നത് മൂത്ത മകൾ ഗീതാ ജോസഫും.
ആഗസ്റ്റ് 17ന് തൃശ്ശൂർ റീജനൽ തിയറ്ററിൽ പുസ്തക പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് നാടകത്തിന്റെ ആദ്യാവതരണം നടക്കും. സാറാ ജോസഫിന്റെ ഇളയമകൾ സംഗീത ശ്രീനിവാസന്റെ ‘ചിത്രശാല ഞാൻ’ നോവലിന്റെ പ്രകാശനവും നടക്കും. 27 വർഷമായി തിയറ്റർ രംഗത്തുള്ള തൃശൂരിലെ ‘നാടകസൗഹൃദ’മാണ് മറ്റു കഥാപാത്രങ്ങളെ അരങ്ങിലെത്തിക്കുന്നത്. പരിശീലനത്തിൽനിന്ന് തന്നെ നാടകത്തിന്റെ കഥാപാത്രങ്ങളെ കണ്ടെത്തുകയായിരുന്നു. നോവലിൽ റജീന ചെയ്യുന്ന നാടകമായ ‘പ്രോജക്ട് തീൻമേശ’ യാണ് അരങ്ങിലെത്തിക്കുന്നത്. നാടകത്തിന്റെ രചന നിർവഹിച്ചത് സാറാ ജോസഫ് ആണ്.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവവിദ്യാർഥി വിനയകുമാർ ഇപ്പോൾ പുതുച്ചേരി ആദിശക്തി നാടകഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. നോവൽ രചനയുടെ ഓരോ ഘട്ടത്തിലും മക്കളുമായി അമ്മ ചർച്ച നടത്തിയിരുന്നുവെന്നും അതിനിടയിലാണ് നാടകാവതരണമെന്ന ആശയത്തിലേക്ക് എത്തിയതെന്നും വിനയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.