കയ്പമംഗലം: വീണ്ടുമൊരു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി കടന്നുവരുമ്പോൾ തുടർച്ചയായി 25 വർഷം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് കയ്പമംഗലം പഞ്ചായത്തംഗം ഖദീജ പുതിയ വീട്ടിൽ. അപ്രതീക്ഷിതമായി പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഇവർ കരുതുന്നത്.
ബിരുദവും ജെ.ഡി.സി കോഴ്‌സും കഴിഞ്ഞ് സർക്കാർ ജോലി ലക്ഷ്യമാക്കി തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അവിചാരിതമായി പൊതുപ്രവർത്തന രംഗത്തെത്തിയത്. 2000ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി കയ്പമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്ന് മത്സരിച്ചായിരുന്നു തുടക്കം. അടുത്ത ബന്ധുവും നിലവിലെ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.എം. അഹമ്മദാണ് വഴികാട്ടി.
പുതുമുഖമായിട്ടും മുസ്‍ലിം ലീഗിന്റെ കോട്ടയായ രണ്ടാം വാർഡിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ കയ്പമംഗലം പഞ്ചായത്തിന്റെ ഭരണസാരഥികളിൽ ഒരാളായി ഖദീജ മാറി. 2005ൽ മൂന്നാം വാർഡിൽ നിന്നായിരുന്നു മത്സരിച്ചത്. അന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഖദീജക്കായിരുന്നു.
പ്രവർത്തന മികവും ജനസമ്മതിയും പരിഗണിച്ച് പാർട്ടി വീണ്ടും ഖദീജയെ സ്ഥാനാർഥിയാക്കി. ഇരുപതാം വാർഡായിരുന്നു അങ്കത്തട്ട്. അവിടെയും വിജയം ഖദീജക്കൊപ്പമായിരുന്നു. പിന്നീട് വന്ന രണ്ട് തെരഞ്ഞെടുപ്പിലും ഇരുപതാം വാർഡിൽ നിന്ന് തന്നെയായിരുന്നു മത്സരിച്ച് വിജയിച്ചത്.
രണ്ടര പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിനിടയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മഹിള അസോസിയേഷൻ കയ്പമംഗലം പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ നിരവധി പദവികളിലും ഖദീജ തിളങ്ങി. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ആരംഭിച്ചതും പഞ്ചായത്തിലെ പകൽവീട് പ്രവർത്തനം തുടങ്ങിയതും ഖദീജ പുതിയ വീട്ടിലിന്റെ വാർഡിലാണ്.
ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച് നാടിന്റെ ഹൃദയത്തിൽ ചേക്കേറിയ ഖദീജക്ക് പൊതുപ്രവർത്തനം തുടരാനാണ് ആഗ്രഹം. എന്നാൽ ഇനി ഒരു മത്സരത്തിന് താനില്ലെന്നും അവർ പറയുന്നു.
മൊയ്തീൻ ഷായാണ് ഖദീജയുടെ ഭർത്താവ്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ ബേബി ഷജ്ന, ബേബി ഷബ്നയുമാണ് മക്കൾ. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ അബ്ദുൽ ഖാദർ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.