തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളക്ക് പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. ജനുവരി 14 മുതൽ 18 വരെയുള്ള അഞ്ച് നാളുകൾ നീളുന്ന മേളക്കായി ആഴ്ചകളായി നടക്കുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. കൗമാര പ്രതിഭകളുടെ കലാവിരുന്നിനുള്ള വേദികൾ, താമസം, ഭക്ഷണം, യാത്ര, സ്വീകരണം തുടങ്ങി എല്ലാ മേഖലകളിലും ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
നിർമാണം പൂർത്തിയായ തൃശൂർ തേക്കിൻകാട് മൈതാനത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദി
കലോത്സവ കമ്മിറ്റിക്ക് കൈമാറുന്നതിന്റെ ഭാഗമായി വേദി സന്ദർശിക്കുന്ന മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ നിജി ജസ്റ്റിൻ എന്നിവർ
വേദികളുടെയും പന്തലുകളുടെയും അന്തിമ മിനുക്കുപണികളാണ് പൂർത്തിയാകാനുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കും.പ്രധാന വേദികളിലെ ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം, ഇലക്ട്രിക്കൽ പരിശോധനകൾ എന്നിവ പൂർത്തിയായിട്ടുണ്ട്. ഭക്ഷണത്തിനുള്ള ദിവസേനയുള്ള മെനു തയാറാക്കി.
ഭക്ഷണ വിതരണത്തിനുള്ള കൂപ്പണുകളും വിതരണ സംവിധാനവും സജ്ജമാണ്. താമസ സൗകര്യമൊരുക്കുന്ന സ്കൂളുകളിൽ വെളിച്ചം, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. മത്സര ക്രമം സംബന്ധിച്ച ക്ലസ്റ്റർ ലിസ്റ്റുകൾ തയാറാക്കി. വിധിനിർണയം സുതാര്യമാക്കാൻ വിപുലമായ ഐ.ടി സംവിധാനങ്ങളും ടാബുലേഷൻ ക്രമീകരണങ്ങളും സജ്ജമാണ്.മത്സരാർഥികൾക്കും ഒഫീഷ്യൽസിനും യാത്ര ചെയ്യാൻ ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഫിറ്റ്നസ് പരിശോധനയും നടത്തി.
‘ഉത്തരവാദിത്ത കലോത്സവം’ ആശയത്തിലൂന്നി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. മത്സരശേഷം വേദികൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ചുമതലകൾക്ക് പ്രത്യേക സംവിധാനമുണ്ട്.25 വേദികളിലായി 249 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി ആയിരിക്കും. ‘സർവംമായ’ സിനിമയിലൂടെ ‘ഡെലേലു’ കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.