ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തുന്നു
കൊല്ലം: കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്കല്, പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍ എന്നിവ ചെയ്യുന്നുണ്ടോയെന്ന് വിലയിരുത്തി.
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിന് പൊതുവിതരണ വകുപ്പ് മുഖേനയും ശരിയായ രീതിയില്‍ പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പാക്കിങ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പും ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലെ വൃത്തി സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പും മുഖേന സംയുക്ത സ്ക്വാഡുകള്‍ രൂപവത്കരിച്ചായിരുന്നു പരിശോധന. പൊതുവിതരണവകുപ്പ് സ്വകാര്യവ്യക്തിയുടെ ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള നാല് പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു.
30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിശ്ചിത മാതൃകയില്‍ വിലവിവരപ്പട്ടിക പ്രദര്ശിപ്പിക്കാത്തതടക്കം ഏഴ് കേസെടുത്തു. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ 13 പരിശോധനകളില്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ 15 പരിശോധനയില്‍ അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം സീല്‍ചെയ്ത് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി. മോട്ടോര്‍വാഹനവകുപ്പിന്റെ 17 പരിശോധനകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് ഏഴ് ഓട്ടോക്കാര്‍ക്കെതിരെ നടപടിയെടുത്തു.
പരിശോധനയില്‍ ജില്ല സപ്ലൈ ഓഫിസര്‍ എസ്.ഒ. ബിന്ദു, ജില്ല ഫുഡ് സേഫ്റ്റി ഓഫിസര്‍ (കൊല്ലം സര്‍ക്കിള്‍) എസ്.ആര്. റസീമ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍നടപടികള്‍ക്ക് ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.