കൊല്ലം: കുളക്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് ചുമക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കാനുപയോഗിക്കുന്ന ഫിനോയിൽ മാറി നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് മനുഷ്യാവകാശ കമീഷനംഗം വി. ഗീത. എന്നാൽ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നിലവിലുള്ള സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
കുളക്കട സ്വദേശി അനിൽകുമാറിന്റെ പരാതിയിലാണ് നടപടി. കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് നൽകിയ മരുന്നിൽ ഒരു അപാകതയുമില്ലെന്നും ഫാർമസിസ്റ്റ് തന്നെയാണ് മരുന്ന് നൽകിയതെന്നും മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രി സൂപ്രണ്ടും സമാനമായ റിപ്പോർട്ടാണ് സമർപ്പിച്ചത്.
ഒരു കുപ്പിയിലുള്ള ചുമക്കുള്ള മരുന്ന് കുട്ടിക്ക് നൽകിയപ്പോൾ തന്നെ ചർദിയും തളർച്ചയും അനുഭവപ്പെട്ടതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു.
കുട്ടിയെ താലൂക്കാശുപത്രിയിലേക്ക് മാറ്റിയെന്നും അവിടെനിന്ന് വയർ കഴുകിയെന്നും പരാതിക്കാരൻ അറിയിച്ചു. ചുമക്കുള്ള മരുന്ന് രണ്ട് കുപ്പികളിലായാണ് നൽകിയത്. ഇതിലൊന്നിൽ ചുമക്കുള്ള മരുന്നും മറ്റൊന്നിൽ ഫിനോയിലുമാണെന്നും ഡോക്ടർമാർ പറഞ്ഞു.
ഒരു കുട്ടിയുടെ ജീവന് തന്നെ ആപത്തുണ്ടാകുമായിരുന്ന ഗൗരവമായ വിഷയമാണ് പരാതിയിലുള്ളതെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.