ഇരിങ്ങാലക്കുട: 2026-27 അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശന നടപടികൾ സുഗമമായും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വിദ്യാലയങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേർത്തത്. റവന്യൂ, വിദ്യാഭ്യാസം, മോട്ടോർ വാഹനം, തദ്ദേശ സ്വയംഭരണം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഓരോ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കർശന നടപടികൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി വിപുലമായ മാർഗനിർദേശങ്ങളാണ് റൂറൽ പൊലീസ് പുറപ്പെടുവിച്ചിട്ടുള്ളത്. കുട്ടികൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നത് തടയുക, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുക എന്നിവക്കാണ് മുൻഗണന. മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പുമായി ചേർന്ന് സ്കൂൾ പരിസരങ്ങളിൽ സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തമാക്കും. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റുക, വെള്ളക്കെട്ടുകൾക്ക് സാധ്യതയുണ്ടെങ്കിൽ അവ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക. സ്കൂൾ വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, സ്പീഡ് ഗവർണർ, ഫയർ എക്സ്റ്റിംഗുഷർ എന്നിവ നിർബന്ധമാണ്. കൂടാതെ സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഈ വിവരങ്ങളും മറ്റും മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് സ്കൂൾ വാഹനങ്ങൾക്ക് ടെസ്റ്റഡ് ഒക്കെ സ്റ്റിക്കറുകൾ പതിക്കും. രാവിലെയും വൈകീട്ടും സ്കൂളുകളിലേക്ക് വരുന്നതും തിരിച്ച് പോകുന്നതുമായ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സർവിസ് പൂർണമായും നിരോധിക്കാനും തീരുമാനമായി.
കുട്ടികൾക്കായി റോഡ് സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണം, സൈബർ സുരക്ഷ എന്നിവയിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കും. ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്കൂളുകളുടെ സമയക്രമത്തിൽ നേരിയ വ്യത്യാസം വരുത്തി ജങ്ഷനുകളിലെ തിരക്ക് കുറക്കാനുള്ള നടപടികളും സ്വീകരിക്കും. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ പ്രത്യേക ജാഗ്രത പുലർത്താനും എല്ലാ സ്കൂളുകളിലും നിരന്തര പരിശോധനകൾ നടത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.