ഇരിങ്ങാലക്കുട: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രകോപനപരമായ പ്രസംഗങ്ങളുമാണെന്ന് സി.പി.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമയുടെ സാന്നിധ്യത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിലാണ് സർക്കാറിനും പ്രാദേശിക നേതൃത്വത്തിനുമെതിരെ കടുത്ത അതൃപ്തി ഉയർന്നത്.
ജില്ല കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് ഏരിയ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ അംഗങ്ങൾ ആഞ്ഞടിച്ചത്. രണ്ടാം പിണറായി സർക്കാറിൽനിന്ന് കെ.കെ. ശൈലജയെ മാറ്റിനിർത്തിയത് തുടക്കത്തിൽ തന്നെ സർക്കാറിന്റെ മികവിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. ശൈലജ ടീച്ചറെ പേരാവൂരിൽ മത്സരിപ്പിച്ചത് അവരെ ഒഴിവാക്കാനാണെന്ന തോന്നലുളവാക്കി. ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയതും പാർട്ടിക്ക് വിനയായി.
ഇതിനുപുറമെ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചത് ന്യൂനപക്ഷങ്ങളെ പാർട്ടിയിൽനിന്ന് അകറ്റാൻ കാരണമായി. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതും സർക്കാർ പരിപാടിയല്ലാത്ത അയ്യപ്പസംഗമം നടത്തിയതും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തുവെന്നും യോഗം വിലയിരുത്തി.
ഇടത് അനുകൂല സർവിസ് സംഘടനകളോടുള്ള സർക്കാറിന്റെ സമീപനത്തിലും കടുത്ത വിമർശനമുയർന്നു. സ്വാധീനമുള്ളവർക്ക് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ എളുപ്പത്തിൽ ലഭിച്ചപ്പോൾ മറ്റുള്ളവരോട് സ്ഥലംമാറ്റം ഓൺലൈൻ വഴിയാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാർ ജീവനക്കാർക്കിടയിലെ ഭരണവിരുദ്ധ വികാരം പോസ്റ്റൽ വോട്ടുകൾ വ്യാപകമായി അസാധുവാക്കിയതിലൂടെ വ്യക്തമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പ്രാദേശിക നേതൃത്വത്തിനും ജനപ്രതിനിധികൾക്കുമെതിരെയും യോഗത്തിൽ കടുത്ത വിമർശനമുണ്ടായി. മന്ത്രിയും എം.എൽ.എയുമായ ഡോ. ആർ. ബിന്ദു ജനങ്ങളുമായി ഇടപഴകുന്നതിൽ വീഴ്ച വരുത്തി. മന്ത്രിയെ സമീപിക്കാൻ സാധാരണക്കാർക്ക് മടിയുണ്ടാകുന്ന അവസ്ഥയുണ്ടായി. ഭരണമുണ്ടായിട്ടും കരുവന്നൂർ ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ കഴിയാഞ്ഞതും വലിയ തിരിച്ചടിയായി.
ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിഞ്ഞത് മാത്രമല്ല ജില്ലയിൽ സി.പി.എമ്മിന് നഷ്ടപ്പെട്ട ഏക സീറ്റായി ഇരിങ്ങാലക്കുട മാറാൻ കാരണം. പടിയൂരിലേത് ഉൾപ്പെടെയുള്ള സംഘടന ദൗർബല്യങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും താഴെത്തട്ട് മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കൾ കൂടുതൽ ജനകീയമാകണമെന്നാണ് ജനവിധി നൽകുന്ന പാഠമെന്നും യോഗം വിലയിരുത്തി.
21 അംഗ ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. കാട്ടൂരിൽ നിന്നുള്ള ഏരിയ കമ്മിറ്റി അംഗം വി.എച്ച്. വിജീഷാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സി. പ്രേമരാജൻ, ഡോ. കെ.പി. ജോർജ്, കെ.എ. ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.