ഏങ്ങണ്ടിയൂർ: പ്രവാസി സിൻഡിക്കേറ്റ് ചിട്ടീസ് ലിമിറ്റഡിന്റെ പേരിൽ നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ചും കുറി നടത്തി വിളിച്ചവർക്ക് പണം മടക്കി കൊടുക്കാതെയും കബളിപ്പിച്ചതായി പരാതി. നിരവധി പേരാണ് പണം മടക്കി കിട്ടാതെ വഞ്ചിതരായത്.
തീരദേശത്തെ പ്രവാസികളെ ലക്ഷ്യം ഫവെച്ചാണ് തട്ടിപ്പ് നടത്തിയത്. ഏങ്ങണ്ടിയൂർ ചന്തപ്പടി, വാടാനപ്പള്ളി തൃത്തല്ലൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ കമ്പനി ശാഖകളായി പ്രവർത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന പേരിലാണ് ഈ പ്രവാസി കമ്പനീസ് നിക്ഷേപം സ്വീകരിച്ച് പ്രവർത്തിച്ചു വന്നിരുന്നത്.
12 ശതമാനം പലിശ നൽകുമെന്ന് പറഞ്ഞാണ് കമ്പനി നിരവധി പേരിൽനിന്ന് പണം സ്വീകരിച്ചത്. ആദ്യമൊക്കെ നിശ്ചിത സമയത്തിന് പലിശ നൽകി വന്നിരുന്നു. ഇതോടെ പണം നിക്ഷേപിച്ചവരുടെ ബന്ധുക്കളടക്കം കൂടുതൽ പേർ പണം നിക്ഷേപിച്ചു. എന്നാൽ, പിന്നീട് പലിശ നൽകുന്നത് മുടക്കം വന്നു.
കുറിയിൽ ചേർന്നവർക്ക് വട്ടമെത്തി മാസങ്ങളോളം കഴിഞ്ഞിട്ടും തുക തിരിച്ച് കിട്ടാൻ പ്രയാസം നേരിട്ടു. ഇതോടെയാണ് വഞ്ചിതരായവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ 20 ഓളം പരാതി ലഭിച്ചു. വലപ്പാട്, കൊടുങ്ങല്ലൂർ സ്റ്റേഷനിലും തൃശൂർ എസ്.പി ഓഫിസിലും പരാതിയുമായി നിക്ഷേപകരെത്തി.
ഗോൾഡ് ലോൺ, ബിസിനസ് ലോൺ , പ്രവാസി ലോൺ, പണ്ടം പണയം എന്നിങ്ങനെ പ്രചരിപ്പിച്ചുമാണ് കമ്പനി നിക്ഷേപകരെ ആകർഷിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.