അഴീക്കോട്: ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയാനും കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫിസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴ്സ്മെൻറ് ആൻഡ് വിജിലൻസ് വിങ്, തീരദേശ പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.
ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ കെ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് പരിശോധന നടത്തിയത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജമദ്യവും സ്പിരിറ്റും കഞ്ചാവും എത്തിച്ചേരാനും വിപണനം നടത്താനും സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് പരിശോധന.
അഴീക്കോട് മുതൽ കപ്രിക്കാട് വരെ സ്ഥലങ്ങളിൽനിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പരിശോധിച്ചത്. ഗോവ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്തുന്നത് നേരേത്ത അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന. കരയിൽനിന്ന് 12 നോട്ടിക്കൽ മൈലിനുളളിൽ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലിൽനിന്ന് കയറിവന്ന ബോട്ടുകളുമാണ് പരിശോധിച്ചത്. കൊടുങ്ങല്ലൂർ എക്സൈസ് സി.ഐ എം.എഫ്. സുരേഷ്, പ്രിവന്റിവ് ഓഫിസർമാരായ കെ.കെ. ഉണ്ണികൃഷ്ണൻ, എ.എസ്. സരസൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് വിഭാഗം എ.എസ്.ഐ ഷൈബു, എസ്.സി.പി.ഒ പ്രശാന്ത് കുമാർ, തീരദേശ പൊലീസ് എസ്.ഐ ബാബു, സീ റെസ്ക്യു ഗാർഡ്മാരായ ഫസൽ, ഷിഹാബ്, സ്രാങ്ക് ദേവസി എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന എക്സൈസ് കമീഷണർ മഹിപാൽ യാദവ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി.ഡയറക്ടർ എം.എഫ്. പോളിന് നൽകിയ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഈ മാസം ആറിന് തുടങ്ങിയ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബർ അഞ്ച് വരെ തുടരും. സംശയകരമായ യാനങ്ങളോ ആളുകളോ കടലിൽ കണ്ടാൽ ഫിഷറീസ് സ്റ്റേഷനിൽ അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.