ചേർപ്പ് പെരുങ്കുളം പടവിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങിയപ്പോൾ
ചേർപ്പ്: കനത്ത മഴയെത്തുടർന്ന് ചേർപ്പ് പഞ്ചായത്തിലെ പെരുങ്കുളം പടവിൽ വ്യാപകമായി നെൽകൃഷി നശിച്ചു. 110 ഏക്കറോളം വരുന്ന പടവിലെ 75 ഏക്കർ സ്ഥലത്ത് കഴിഞ്ഞദിവസം നട്ട നെൽച്ചെടികളാണ് വെള്ളത്തിലായത്. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പടവിലെ കർഷകൻ നസീർ പറഞ്ഞു. ചേർപ്പ് പെരുവനം, ഊരകം ഭാഗങ്ങളിലെ മഴ വെള്ളം ഒഴുകിവരുന്നത് പെരുങ്കുളം കടവിലേക്കാണ്.
പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടത്ര മേട്ടോർ പമ്പിങ് സംവിധാനങ്ങൾ ഇല്ലാത്തതാണ് കൃഷി നാശത്തിന് കാരണമെന്ന് കർഷകർ പറയുന്നു.
പലതവണ അധികൃതരോട് മേട്ടോർ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് ജില്ല പഞ്ചായത്ത് ചെറിയൊരു മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കുകയല്ലാതെ മറ്റു നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് കർഷകർ ആരോപിച്ചു.
അന്തിക്കാട്: കനത്ത മഴയിൽ അന്തിക്കാട് കോൾപടവ് മുങ്ങി നെൽകൃഷി നശിക്കുന്നു. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഒരുദിവസം പിന്നിട്ടിട്ടും തുടരുകയാണ്. കനാലുകൾ നിറഞ്ഞാണ് വെള്ളം കോൾപടവിലേക്ക് ഒഴുകുന്നത്. വെള്ളം ഒഴുകിപ്പോയിരുന്ന ഏനാമാവ് ബണ്ട് ഉപ്പുവെള്ളം കയറാതിരിക്കാൻ അടച്ചതോടെയാണ് അന്തിക്കാട് കോൾപടവ് വെള്ളത്തിലാകാൻ കാരണം. വളയം കെട്ടിന്റെ നിർമാണവും നടക്കുകയാണ്. അതിനിടയിലാണ് മഴ കനത്തത്. മോട്ടോർ ഷെഡ്ഡും വെള്ളത്തിലാണ്. ഇത് നെൽകൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴ ഇവിടെ താമസിക്കുന്നവരെയും ബാധിച്ചേക്കും.
ഏനാമാവ് ബണ്ടുകൾ രണ്ടും പൂർണമായി തുറന്നുവിട്ടാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകൂ എന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.