കനത്ത മഴയിൽ തൃത്തല്ലൂർ മീൻചന്ത റോഡ് മുങ്ങിയപ്പോൾ
വാടാനപ്പള്ളി: തകർന്ന തൃത്തല്ലൂർ മീൻചന്ത റോഡ് കനത്തമഴയിൽ മുങ്ങി. മീൻചന്ത റോഡും അനുബന്ധ പാലവും രണ്ട് വർഷത്തിലധികമായി തകർന്നുകിടക്കുകയാണ്. ജനങ്ങളുടെ യാത്ര ദുരിതപൂർണമായിട്ടും പഞ്ചായത്ത് അധികൃതർ നിസ്സംഗത തുടരുന്നതിൽ ജനകീയ സംരക്ഷണ സമതി പ്രതിഷേധിച്ചു.
പഞ്ചായത്തിന്റെ വടക്കുകിഴക്കൻ മേഖലയിലുള്ളവർക്കും തൃത്തല്ലൂരിലുള്ള ആശുപത്രിയിൽ പോകുന്ന രോഗികൾക്കും സ്കൂൾ തുറക്കാറായതോടെ ഹയർ സെക്കൻഡറി-യു.പി, എൽ.പി സ്കൂളിൽ പോകുന്ന വിദ്യാർഥികൾക്കും രണ്ട് റേഷൻ കടകളിലേക്ക് പോകുന്നവർക്കും ഇരുചക്രവാഹനമുൾപ്പടെയുള്ള വാഹന യാത്രികർക്കും യാത്ര ദുരിതമായ അവസ്ഥയാണ്.
ദേശീയപാത 66ന്റെ ബൈപാസ് നിർമാണത്തിന് അമിതഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ അനിയന്ത്രിതമായ ഓട്ടംമൂലം മീൻചന്ത റോഡ് കുണ്ടും കുഴിയുമായും പാലത്തിന്റെ സംരക്ഷണഭിത്തി തകർന്ന് ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്. ഒരുകിലോമീറ്റർ തെക്കുഭാഗത്തുള്ള ഏംഗൽസ് റോഡ് പുതുക്കി പണി തുടങ്ങിയത് പാതിവഴിയിൽ നിർത്തിയതുകൊണ്ട് ഗതാഗതയോഗ്യമല്ലാതായതും പഞ്ചായത്തധികൃതരുടെ പിടിപ്പുകെടുമൂലം യാത്രക്കാർ വലയുന്നു.
ടിപ്പു സുൽത്താൻ റോഡിൽ പൈപ്പ് നിർമാണത്തിന് റോഡ് വെട്ടി പൊളിച്ചതും യാത്ര ദുരിതമാക്കി. ഞായറാഴ്ച ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ വീട്ടിലെ വിവാഹത്തിന് എത്തിയവരും മരണവീട്ടിൽ എത്തിയവരും വളരെ ബുദ്ധിമുട്ടിലാണ് എത്തി മടങ്ങിയത്. അധികൃതരുടെ അനാസ്തയിലും കെടുംകാര്യസ്ഥതയിലും നിസ്സാംഗതയിലും ജനകീയ സംരക്ഷണ സമതി യോഗം ചേർന്ന് പ്രതിഷേധിച്ചു. കൺവീനർ കാദർ ചേലോട് അധ്യക്ഷത വഹിച്ചു.
കെ. ഭാസ്കരൻ നായർ, ജയതിലകൻ ചാളിപ്പാട്ട്, സെയ്തുമുഹമ്മദ്, ആനന്ദൻ തേറമ്പിൽ, പി.കെ. ജോർജ്, ജസീൽ ജലാൽ, ഹബീബ്ക്കോയ തങ്ങൾ, സുരേഷ് തച്ചപ്പുള്ളി, ബീനഹരി, രമ, ശുശ്രുത ബാബു, എൻ.പി. കെ. കുട്ടി, സേതു കളപ്പുരയിൽ, അഫ്സൽ മണപ്പാട് എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
കാഞ്ഞാണി: അരിമ്പൂരിൽ മിന്നൽ ചുഴലിയിൽ വൻ നാശം. തെങ്ങ് വീണ് വീടും പമ്പ് ഹൗസും തകർന്നു. വീടിന്റെ കിണർ ഇടിഞ്ഞ് താഴ്ന്നു. മരങ്ങളും കടപുഴകി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. കൈപ്പമംഗലം വീട്ടിൽ കമലയുടെ വീടാണ് തെങ്ങ് വീണ് തകർന്നത്. മകൻ ഷിജുവിനാണ് പരിക്കേറ്റത്. മിന്നൽ ചുഴലിയിൽ തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ ഷെഡ്ഡിന്റെ മേൽക്കൂരയാണ് പറന്നുപോയത്. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു.
100 ഏക്കർ വരുന്ന പാടശേഖരത്തിലെ മോട്ടോർ പുരക്കാണ് നാശം ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് മേൽക്കൂരയിലെ ആസ്പറ്റോസ് ഇളകിതെറിച്ചു. ഇരുമ്പ് ഫ്രെയിമുകൾ ഭിത്തിയിൽനിന്ന് അടർന്നുമാറി വീഴുന്ന അവസ്ഥയുണ്ടായി. ശക്തമായ കാറ്റും മഴയും ആണ് ഈ സമയം ഇവിടെ ഉണ്ടായത്. മോട്ടോർ പുരക്ക് ചേർന്നുള്ള മൂന്ന് വാർപ്പ് തൂണുകൾ മിന്നൽ ചുഴലിയിൽപെട്ട് നിലംപൊത്തുന്ന അവസ്ഥയും ഉണ്ടായി. ഈ തൂണുകൾ മോട്ടോർ പുരക്കകത്തെ സബ്മേഴ്സിബിൾ പമ്പിന്റെ മുകളിലാണ് വന്നു പതിച്ചത്.
പട്രോളിങ്ങിന് പോയ അന്തിക്കാട് പൊലീസിന്റെ വാഹനം അപകടത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വെളുത്തൂർ മേഖലയിൽ വീശിയ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. ചെഗുവേര നഗർ വഴിയിലൂടെ പരിശോധിക്കറങ്ങിയ അന്തിക്കാട് പൊലീസിന്റെ വാഹനത്തിന് മുന്നിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു.
വാഹനം പെട്ടന്ന് നിർത്തിയതിനാൽ താഴേക്ക് തൂങ്ങിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കാതെ പൊലീസുകാർ രക്ഷപ്പെടുകയായിരുന്നു. കെ.എസ്.ഇ.ബി അധികൃതരെത്തി തടസ്സം മാറ്റിയാണ് പൊലീസ് ജീപ്പ് മാറ്റിയത്. മനക്കൊടി പുള്ള് റോഡിലെ തണൽമരം കടപുഴുകി വീണു. റോഡിന് കേടുപാട് പറ്റി. ഇറിഗേഷൻ കനാലിനോട് ചേർന്ന റോഡരിക് ഇടിഞ്ഞ് കനാലിലേക്ക് തള്ളി. മഴ തുടർന്നാൽ കനാലിൽ നിന്നുള്ള വെള്ളം ശക്തിയായി ഇരച്ചുകയറി റോഡ് തകരുന്നതിന് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശത്തുകാർ. ഇറിഗേഷൻ കനാലിന് താഴെയാണ് റോഡെന്നതിനാൽ വേനൽമഴയിൽ പോലും കനാലിൽനിന്നും റോഡ് കവിഞ് വെള്ളമെത്തി എതിർഭാഗത്തെ കോൾപാടശേഖരത്തിലെ നെൽകൃഷി നശിക്കുന്നതും ഇവിടെ പതിവായിരുന്നു. കരിയാട്ടിൽ പരേതനായ ചാത്തുക്കുട്ടിയുടെ കിണൽ ഇടിഞ്ഞ് താഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.