തൃശൂര്‍: ഓഡിറ്റ് പെര്‍ഫോര്‍മന്‍സ് റിപ്പോര്‍ട്ടിനെ ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം. ഓഡിറ്റ് പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിെൻറ വിമർശനങ്ങൾക്ക് മുൻകാല വിമർശനങ്ങളെയും ആരോപണങ്ങളെയും ഉയർത്തിയായിരുന്നു ഭരണപക്ഷം നേരിട്ടത്.
റിപ്പോര്‍ട്ട് ഇടതു ഭരണസമിതിയുടെ അഴിമതിയും ധൂര്‍ത്തും ക്രമക്കേടും വിളിച്ചറിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാജന് ജെ. പല്ലന് ആരോപിച്ചു. അതേസമയം, കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്താല്‍ പല തടസ്സവാദങ്ങളും മാറ്റാനാകുമെന്നായിരുന്നു ഭരണപക്ഷ വാദം. ജനങ്ങളുടെ പണംതോന്നും പോലെ ചെലവഴിച്ച് അഴിമതി നടത്തിയതിെൻറ തെളിവാണ് 224 ഓഡിറ്റ് പരാമര്‍ശങ്ങളെന്ന് എ. പ്രസാദ് കുറ്റപ്പെടുത്തി.
ചട്ടലംഘനം നടത്തിയ മേയര്‍ക്കും കൂട്ടുനിന്ന സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കണം. മുനിസിപ്പല്‍ ചട്ടമനുസരിച്ചല്ല, മറ്റു ചിലരുടെ ചരടുവലിക്കൊത്താണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് വ്യാജ മറുപടി തയാറാക്കുകയാണ് ഭരണസമിതിയെന്നും പ്രസാദ് ആരോപിച്ചു.
സംസ്ഥാന ഓഡിറ്റും പെര്‍ഫോമന്‍സ് ഓഡിറ്റും റിപ്പോര്‍ട്ടുകളുടെ കോപ്പികള്‍ വിതരണം ചെയ്യാതെയാണ് റിപ്പോര്‍ട്ട് അജണ്ടയായിെവച്ചതെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയല്‍ കുറ്റപ്പെടുത്തി. പരാമര്‍ശങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ റിപ്പോര്‍ട്ട് മുക്കിയതിന് മേയര്‍ മറുപടി പറയണമെന്ന് ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.
മുന്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഓഡിറ്റും റിപ്പോര്‍ട്ടും വിമര്‍ശനവുമൊക്കെ ഉണ്ടായിരുന്നതായും കുടിവെള്ളം വിതരണം ചെയ്യാന്‍ ബൈക്കുകളുടെ നമ്പറുകള്‍ എഴുതിക്കൊടുത്തതുള്പ്പെടെ പലതും നടന്നിട്ടുണ്ടെന്ന് മറക്കരുതെന്ന പരിഹാസമായിരുന്നു ഭരണപക്ഷത്തിൻറെ മറുപടി. കാര്യങ്ങള്‍ വിശദീകരിച്ചാല്‍ തീരാവുന്നവയാണ് പല പരാമര്‍ശങ്ങളുമെന്ന് വര്‍ഗീസ് കണ്ടംകുളത്തിയും അനൂപ് ഡേവിസ് കാടയും കൗൺസിലിൽ അറിയിച്ചു.
എല്ലാ തീരുമാനങ്ങളിലും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പിയിലെ കെ. മഹേഷ് ആവശ്യപ്പെട്ടു. ഓഡിറ്റില്‍ പരാമര്‍ശിച്ച ന്യൂനതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മേയർ അജിത ജയരാജൻ കൗൺസിലിനെ അറിയിച്ചു. തുടര്‍നടപടിയെടുക്കാന്‍ മേയറെയും സെക്രട്ടറിയെയും കൗൺസിൽ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.