കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ ചൂണ്ട വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ ഗൃഹനാഥൻ പുഴയുടെ ആഴങ്ങളിൽ മറഞ്ഞിട്ട് ഒരാഴ്ച പിന്നിടുന്നു. പുഴയിലുണ്ടായ അപകടത്തോട് പൊരുത്തപ്പെടുമ്പോഴും ആളെ കണ്ടെത്താനാകാത്തതിന്റെ മനോവ്യഥയിലാണ് ഉറ്റവർ. പുത്തൻവേലിക്കര തിരുത്തൂർ കൊല്ലറ രാജുവിനെയാണ് (63) വഞ്ചി മറിഞ്ഞ് കാണാതായത്. വഞ്ചിയിൽ ഉണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടിരുന്നു.
ജൂൺ 29ന് രാത്രി ഏഴേയോടെ കോട്ട തിരുത്തിപ്പുറം പാലത്തിനു സമീപം പെരിയാറിന്റെ കൈവഴിയിലായിരുന്നു അപകടം. ശക്തമായ ഒഴുക്കിൽ വഞ്ചി മറിയുകയായിരുന്നു. രാജുവിനൊപ്പം ഉണ്ടായിരുന്ന വിനു സമീപത്തെ ഊന്നികുറ്റിയിൽ പിടിച്ചുകിടന്ന ശേഷം കോട്ടഭാഗത്തേക്ക് നീന്തിയെത്തുകയായിരുന്നുവത്രെ.
കെട്ടിട നിർമാണ തൊഴിലാളികൂടിയായ രാജുവിനെ കണ്ടെത്താൻ അഴിക്കോട് തീരദേശ പൊലീസും അഗ്നിരക്ഷ സേനയുടെ സ്കൂബ ടീമും നാട്ടുകാരും ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. മറൈൻ എൻഫോഴ്സ്മെൻറ് യാനങ്ങൾ ഉൾപ്പെടെ കടലിലും തിരച്ചിൽ നടത്തുകയുണ്ടായി. അടിയൊഴുക്കിൽ അഴീക്കോട് അഴിമുഖം കടന്ന് കടലിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നും കരുതുന്നു.
ഒരുമാസം മുമ്പ് കോട്ടപ്പുറം കായലിൽ മണൽ വഞ്ചി അപകടത്തിൽപെട്ട് കാണാതായ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ദിവസങ്ങൾക്കുശേഷം അഴീക്കോട് നിന്ന് കിലോമീറ്ററുകളോളം വടക്ക് മാറി പി. വെമ്പല്ലൂർ തീരത്ത് നിന്നാണ് കിട്ടിയത്. പ്രസ്തുത അപകടത്തിൽ രണ്ടാൾ മരിക്കുകയുണ്ടായി. മേഖല പ്രതികൂല കാലാവസ്ഥയിൽ അപകടമേഖലയായി മാറിയിട്ടുണ്ട്. ആഴം മാത്രമല്ല ശക്തമായ അടിയൊഴുക്കുമുണ്ട് ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.