തൃശൂർ: വോട്ടുകൊള്ള വിവാദം കത്തിനിൽക്കുന്നതിനിടെ കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന അന്തിമ വോട്ടർപട്ടിക ഒട്ടേറെ അഭ്യൂഹങ്ങൾക്കുള്ള ഉത്തരമാകും. അന്തിമ വോട്ടർപട്ടികയിലെ കണക്കുപ്രകാരം ജില്ലയിൽ കുറഞ്ഞത് 1,36,461 വോട്ടുകളാണ്. ജില്ലയിൽ 2,80,436 പേർ പുതിയതായി വോട്ട് ചേർത്തു. 1,36,461 പേരെ ഒഴിവാക്കി. 27,36,895 വോട്ടർമാരാണ് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവർ. ഇതിൽ 157 പേർ പ്രവാസി വോട്ടർമാരാണ്.
സ്ത്രീ വോട്ടർമാരാണ് ജില്ലയിൽ കൂടുതൽ -14,59,718 പേർ. 12,77,151 ആണ് പുരുഷ വോട്ടർമാർ. 26 ട്രാൻസ്ജൻഡർ വോട്ടർമാരും ജില്ലയിലുണ്ട്. ജില്ലയിലെ നഗരസഭ വോട്ടർമാരുടെ കണക്കിലും മുൻ ലിസ്റ്റിൽനിന്ന് ഭിന്നമായി ഏറ്റക്കുറച്ചിലുകൾ ഉണ്ട്. ചാലക്കുടി -44,720, ഇരിങ്ങാലക്കുട -54,910, കൊടുങ്ങല്ലൂർ -58,641, ചാവക്കാട് -33,795, ഗുരുവായൂർ -66,391, കുന്നംകുളം -46,966, വടക്കാഞ്ചേരി -54,485 എന്നിങ്ങനെയാണ് നഗരസഭ വോട്ടർമാരുടെ പുതുക്കിയ കണക്ക്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഗുരുവായൂർ നഗരസഭയിലാണ്. കുറവ് ചാവക്കാട്ടും.
തൃശൂർ കോർപറേഷനിലും വോട്ടർമാർ വർധിച്ചിട്ടുണ്ട്. 2,68,734 വോട്ടർമാർ കോർപറേഷനിലുണ്ട്. കോർപറേഷൻ പരിധിയിലും സ്ത്രീ വോട്ടർമാർ തന്നെയാണ് മുന്നിൽ - 1,42,913 പേർ. 1,25,818 പുരുഷ വോട്ടർമാരും മൂന്ന് ട്രാൻസ്ജൻഡർ വോട്ടർമാരും ഇവിടെയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും കുടുംബത്തിനും പുതുക്കിയ പട്ടിക പ്രകാരം തിരുവനന്തപുരത്താണ് വോട്ട്.
ഇത് വരും ദിവസങ്ങളിൽ തൃശൂരിൽ കൂടുതൽ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ബി.ജെ.പിയുടെ വോട്ടുകൊള്ള വിവാദത്തെ തുടർന്ന് തൃശൂർ മണ്ഡലത്തിലെ വോട്ടുകള്ളത്തരങ്ങൾ വെളിയിൽ വന്നിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പിൽ കുടുംബത്തിലെ 11 പേരെ നെല്ലങ്കരയിലെ വാടക വീടിന്റെ വിലാസത്തിൽ വോട്ടർ പട്ടികയിൽ ചേർത്തത് സി.പി.ഐയും കോൺഗ്രസും ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ വ്യാപകമായി വോട്ടുകൊള്ള നടത്തിയ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടർപട്ടിക പുറത്തുവന്നത് മുതൽ മൂന്നുമുന്നണികളും ജാഗ്രതയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.