തൃശൂർ: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് എസ്.ഐയെ നെടുപുഴ സി.ഐ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാസങ്ങൾക്കിപ്പുറവും സേനക്കുള്ളിൽ പരസ്യപോര്. കേസെടുത്തതിനെ ചൊല്ലി തുടങ്ങിയ പോരാണ് ഇപ്പോൾ പുതിയ രൂപത്തിലും സജീവമായത്. കേസ് അവസാനിപ്പിക്കാനായി സി.ഐയെ ബലിയാടാക്കി എ.സി.പി നൽകിയ വാദം കോടതി തള്ളിയത് പുറത്തുവന്നതോടെയാണ് പൊലീസുകാർ കടുത്ത അമർഷം രേഖപ്പെടുത്തി
ഗ്രൂപ്പുകളിൽതന്നെ പ്രതികരണം തുടങ്ങിയത്. കേസ് അവസാനിപ്പിക്കാനായി എ.സി.പി നൽകിയ ‘ഫാൾസ് റിപ്പോർട്ടിനെ’ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എ.സി.പിയുടെ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തി സി.ഐ ടി.ജി. ദിലീപ്കുമാർ കേസ് പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പർ രണ്ട് കോടതിയിൽ നൽകിയ സത്യവാങ്മൂലം കോടതി അംഗീകരിക്കുകയും ചെയ്തു.
സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ. ആമോദിനെ ജൂൈല 30നാണ് പൊതുസ്ഥലത്ത് മദ്യപിച്ചതായി ആരോപിച്ച് വടൂക്കരയിൽനിന്ന് സി.ഐ ദിലീപ് കുമാർ കസ്റ്റഡിയിലെടുത്തത്. കള്ളക്കേസാണെന്ന് അന്നുതന്നെ സ്പെഷൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുസ്ഥലമെന്ന നിർവചനത്തിൽ അറസ്റ്റ് പ്രദേശം വരില്ലെന്നും കേസ് നിലനിൽക്കില്ലെന്നും കാണിച്ച് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയെങ്കിലും ഇത് പരിഗണിക്കാതെയായിരുന്നു അറസ്റ്റ്.
സെപ്റ്റംബർ 12ന് കാക്കനാട് ഗവ.റീജനൽ ലാബിൽനിന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രക്തപരിശോധന റിപ്പോർട്ട് പുറത്ത് വന്നതോടെ പൊലീസ് കുരുക്കിലായി. കേസ് അവസാനിപ്പിക്കാനായി എ.സി.പി കോടതിയിൽ ‘മിസ്റ്റേക്ക് ഓഫ് ഫാക്റ്റ്’എന്ന നിലയിലുള്ള റിപ്പോർട്ടിന് പകരം മനഃപൂർവം എസ്.ഐയെ സി.ഐ കുടുക്കാൻ ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്ന ‘ഫാൾസ് റിപ്പോർട്ട്’ ആയിരുന്നു കൊടുത്തത്. ഇത് കോടതിയെയും ചൊടിപ്പിച്ചു.
ഇതിനെ നെടുപുഴ സി.ഐ ടി.ജി. ദിലീപ്കുമാർ കോടതിയിൽ എതിർക്കുകയും ചെയ്തു. സി.ഐക്കും എസ്.ഐക്കും തമ്മിൽ മുൻ വൈരാഗ്യങ്ങളൊന്നുമില്ലെന്നിരിക്കെ കേസ് കളവായി രജിസ്റ്റർ ചെയ്തതല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ റിപ്പോർട്ടിലെ ‘ഫാൾസ്’ഭാഗം തിരുത്തി ‘വാസ്തവ സംഗതിയെ തെറ്റിദ്ധരിച്ചത്’(മിസ്റ്റേക്ക് ഓഫ് ഫാക്ട്) എന്നാക്കി പരിഗണിച്ച് കേസ് നടപടി കോടതി അവസാനിപ്പിക്കുകയായിരുന്നു.
സേനക്കുള്ളിൽ കീഴുദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുെന്നന്ന വിമർശനത്തിൽ സമീപകാലത്ത് കടുത്ത അമർഷമുണ്ട്. എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും കള്ളക്കേസെടുത്തെന്ന പേരിൽ സി.ഐ ഇപ്പോഴും സസ്പെൻഷനിലാണ്. ഇതോടെ, കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് ഉദ്യോഗസ്ഥർ.
അന്വേഷണോദ്യോഗസ്ഥന്റെ വിവേചനാധികാരമായ ‘ഉത്തമ ബോധ്യം’ അനുസരിച്ചുള്ള നടപടികളിലേക്ക് ഇനി സൂക്ഷ്മതയോടെ മാത്രമേ കടക്കൂ. കള്ളക്കേസെടുത്തുവെന്ന പ്രചാരണം സി.ഐയെയും എസ്.ഐയെയും അപമാനിതമാക്കുന്നതും സേനയെ പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പുണ്ടാക്കുന്നതുമായെന്നും മേലുദ്യോഗസ്ഥർക്കാണ് പൂർണ ഉത്തരവാദിത്തമെന്നും സേനാംഗങ്ങൾ ഔദ്യോഗിക ഗ്രൂപ്പുകളിൽതന്നെ വിമർശനമുയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.