തൃശൂർ: കാലാവസ്ഥ പ്രവചനത്തെ തെറ്റിച്ച് ജില്ലക്ക് ചുട്ടുപൊള്ളുന്നു. വ്യാഴാഴ്ച ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. 1987ന് ശേഷം ആദ്യമായാണ് ഏപ്രിലിൽ 40 ഡിഗ്രി സെൽഷ്യസ് കടക്കുന്നത്. വ്യാഴാഴ്ച വെള്ളാനിക്കര കാലാവസ്ഥ ഗവേഷക വിഭാഗം കേന്ദ്രത്തിലെ താപമാപിനിയിൽ രേഖപ്പെടുത്തിയത് 42.9 ഡിഗ്രിയും പീച്ചിയിൽ രേഖപ്പെടുത്തിയത് 42.4ഉം ആണ്. 2019 മാർച്ചിലാണ് ഇതിനുമുമ്പ് 40 ഡിഗ്രി കടന്നത്.
വ്യാഴാഴ്ച ചൂട് കൂടുമെന്ന മുന്നറിയിപ്പിൽ 39 ഡിഗ്രിവരെ ഉയർന്നേക്കാമെന്നതായിരുന്നു കണക്കുകൂട്ടൽ. ഇതാണ് 40 കടന്നത്. ബുധനാഴ്ച പാലക്കാട് അനുഭവപ്പെട്ട 39 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു ഉയർന്ന നിലയിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഇത് പാലക്കാടും തൃശൂരിലും 40 പിന്നിട്ടു.
തൃശൂർ അടക്കമുള്ള ജില്ലകളിൽ വരുംദിനങ്ങളിൽ ചൂട് ഉയരുമെന്ന മുന്നറിയിപ്പുകൂടി പുറത്തുവന്നതോടെ കടുത്ത ജാഗ്രത പുലർത്തേണ്ടിവരും. വേനൽമഴക്കുള്ള സാധ്യതകളും വിദൂരമാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ ഗവേഷകരുടെ വിലയിരുത്തൽ. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് മധ്യകേരളത്തിൽ പൊതുവേ ചൂട് കൂടും. സംസ്ഥാനത്ത് പാലക്കാട് അടക്കം ചിലയിടങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില ഉയർന്നിരുന്നു.
അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തൃശൂർ: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.