തുല്യത പരീക്ഷഫലം വന്നിട്ട് മാസങ്ങൾ: സർട്ടിഫിക്കറ്റ് കിട്ടിയില്ല; തുടർപഠനം ആശങ്കയിൽ

മാള: പ്ലസ് ടു തുല്യത പരീക്ഷയുടെ ഫലം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് ആക്ഷേപം. തുടർപഠനത്തിന് അപേക്ഷിക്കാൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആശങ്കയിലാണ് പഠനാർഥികൾ. ഇക്കഴിഞ്ഞ സെപ്റ്റംബർ 19ന് പ്രസിദ്ധീകരിച്ച പ്ലസ് ടു തുല്യത പരീക്ഷയുടെ സർട്ടിഫിക്കറ്റ് ആണ് ഇനിയും പഠനാർഥികൾക്ക് നൽകിയിട്ടില്ലാത്തത്.

ബിരുദ പഠനത്തിനായി അപേക്ഷിച്ചവർ മാർക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടർ ഡൗൺലോഡ് പകർപ്പ് ആണ് നൽകിയിട്ടുള്ളത്. യഥാർഥ സർട്ടിഫിക്കറ്റ് ഉടൻ ഹാജറാക്കിയില്ലെങ്കിൽ അപേക്ഷകൾ നിരസിക്കുമെന്ന സർവകലാശാലയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ ആശങ്കയിലായി തുല്യത പഠനാർഥികൾ.

ജീവിത സാഹചര്യങ്ങൾകൊണ്ട് പഠനം മുടങ്ങിപ്പോയവരുടെ തുടർപഠനമാണ് വഴിമുട്ടിയിരിക്കുന്നത്. അധികൃതർ ഇടപെട്ടില്ലെങ്കിൽ ഏറെ മോഹിച്ച പഠനം പാഴാകുമെന്ന ആശങ്കയിലാണ് തുല്യത പഠനാർഥികൾ. യഥാർഥ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയോ സർട്ടിഫിക്കറ്റ് ഹാജറാക്കാനുള്ള സമയം ദീർഘിപ്പിക്കുകയോ മാത്രമാണ് മുന്നിലുള്ള വഴിയെന്ന് പഠനാർഥികൾ പറയുന്നു. സർട്ടിഫിക്കറ്റ് ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് അടിയന്തരമായി സർട്ടിഫിക്കറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - equivalency exam result- Certificate not provided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.