ലഹരിക്ക് തടയിടാൻ പൊലീസിന്‍റെ വ്യാപക പരിശോധന

തൃശൂർ: മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ കണ്ടെത്താൻ തൃശൂർ സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന. ലോക്കൽ പൊലീസും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഡോഗ് സ്ക്വാഡും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കല്ല് സെന്‍ററിൽ കോഴിയിറച്ചി വിൽക്കുന്ന വിനയന്‍റെ (44) കടയിൽനിന്ന് 60 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേറ്റുപുഴ പള്ളത്ത് ഷിബിന്‍റെ (26) വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു.

ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെക്കുറിച്ചും വിൽക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് ഇന്‍റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഒളിപ്പിച്ചുവെച്ച മയക്കുമരുന്നുകൾ കണ്ടെത്തുന്നതിൽ വിദഗ്ധ പരിശീലനം നേടിയ തൃശൂർ സിറ്റി പൊലീസിന്‍റെ ഡെൽമ, റൂറൽ പൊലീസിന്‍റെ റാണ എന്നീ പൊലീസ് നായ്ക്കളാണ് കഞ്ചാവും നിരോധിത പുകയില ഉൽപന്നവും മണംപിടിച്ച് കണ്ടെത്തിയത്.

പരിശോധനയിൽ നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപ്, വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ലോക്കൽ പൊലീസും ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവൃതകുമാർ, രാകേഷ്, ജോജോ, മനോജ് എന്നിവരും പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.