പെരുമ്പിലാവ്: പെരുമ്പിലാവ് സെന്ററിൽ ജലവകുപ്പ് ജീവനക്കാർ കുഴിച്ച കുഴി റോഡ് നിർമാണ പ്രവൃത്തികൾ ചെയ്യുന്ന കെ.എസ്.ടി.പി കരാറുകാരൻ മൂടിയതിനെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമായില്ല. ഇതോടെ കുടിവെള്ളമില്ലാതെ ജനജീവിതം ദുരിതത്തിൽ. റോഡ് നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ പൂർത്തിയാക്കാൻ വൈകുന്നതോടെ കടവല്ലൂർ പഞ്ചായത്തിലെ 500 ലധികം കുടുംബങ്ങളാണ് കഴിഞ്ഞ രണ്ട് മാസമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ഇതിനിടയിൽ വാട്ടർ അതോറിറ്റിയും കെ.എസ്.ടി.പിയും തമ്മിൽ തർക്കം രൂക്ഷമായത് പഞ്ചായത്ത് അധികാരികളെയും ക്ഷുഭിതരാക്കി. സംസ്ഥാനപാത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച നാൾ മുതൽ ഇരുവകുപ്പ് അധികാരികളും തമ്മിൽ എപ്പോഴും തർക്കമാണ്. ഇതിനാൽ പല പ്രവൃത്തികളും പൂർത്തിയാക്കാത്തത് ജനങ്ങളെ ഏറെ വലക്കുകയാണ്. മാറ്റി സ്ഥാപിച്ച തൃത്താല കുടിവെളള പദ്ധതിയുടെ പ്രധാന പൈപ്പുകളുടെ കണക്ഷൻ നൽകുന്നതിന് നേരിട്ട തടസമാണ് കുടിവെള്ള വിതരണത്തിലെ വീഴ്ചക്ക് കാരണമായിട്ടുള്ളത്. പെരുമ്പിലാവ് മൂന്നിടത്താണ് കണക്ഷൻ നൽകാനുള്ളത്.
നേരിട്ട് കണക്ഷൻ കൊടുക്കുന്നതിന് വലിയ പാറയുള്ളതിനാൽ നേരിട്ട സാങ്കേതിക തടസം കാരണം ബെന്റ് ഇട്ട് കൊടുക്കുന്നതിന് കുഴിയെടുത്തപ്പോൾ റോഡിനടിയിൽ വിരിക്കാൻ കൊണ്ടുവന്നിട്ടിരുന്ന കോൺക്രീറ്റ് മെറ്റലിൽ (ജി.എസ്.ബി ) മണ്ണ് കലർന്നതാണ് കെ.എസ്.ടി.പിയെ ചൊടിപ്പിച്ചത്. കേടുവന്ന ജി.എസ്.ബിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് അവരുടെ ആവശ്യം. അതിന് വാട്ടർ അതോറിറ്റിയും തയാറായില്ല.
നിലവിൽ റോഡ് നിർമാണം നടക്കുന്നയിടത്ത് കുഴി കുഴിക്കാൻ അനുമതി ചോദിക്കണമെന്നാണ് കെ.എ.സ്ടി.പി വാദം. എന്നാൽ നിലവിൽ പണികൾ പൂർത്തിയാക്കാത്തതിനാൽ അനുവാദം ചോദിക്കേണ്ടതില്ലെന്നാണ് ജലവകുപ്പിന്റെ മറുപടി. ഇരു വകുപ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം മൂത്തതോടെ പഞ്ചായത്ത് അധികാരികൾ രംഗത്തിറങ്ങി കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും അതിന് പരിഹാരമായില്ല.
പരിഹാരം കണ്ടെത്താൻ ഞായറാഴ്ച വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിൽ രാവിലെ 11ന് വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കുന്നുണ്ട്. ഈ ചർച്ചയിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ പഞ്ചായത്ത് അധികൃതർ നേരിട്ട് ഇക്കാര്യത്തിൽ ഇടപെടുമെന്ന നിലപാടിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.