ഡോ. ജോൺ ഇടപ്പിള്ളി സ്മാരക പ്രഭാഷണത്തിൽ അമിത് സെൻഗുപ്ത സംസാരിക്കുന്നു
തൃശൂർ: ഇന്ത്യ പോലൊരു മതേതര ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും കൂച്ചുവിലങ്ങിടാനും ഭരണകൂടങ്ങൾ ശ്രമിക്കുമ്പോൾ വിമത സ്വരങ്ങളും അധികാര കേന്ദ്രങ്ങളോട് വിയോജിപ്പുമായി സത്യത്തിന് വേണ്ടി നിർഭയം പോരാടുന്ന മാധ്യമപ്രവർത്തകരിലും യുവജനങ്ങളിലും മാത്രമാണ് പ്രതീക്ഷ ശേഷിക്കുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും 'ഹാർഡ് ന്യൂസ്' മാസിക എക്സിക്യൂട്ടിവ് എഡിറ്ററുമായ അമിത് സെൻഗുപ്ത അഭിപ്രായപ്പെട്ടു.
'ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ഭാവി: പ്രത്യാശകളും വെല്ലുവിളികളും' വിഷയത്തിൽ ഡോ. ജോൺ ഇടപ്പിള്ളി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആൽബേർ കാമുവിന്റെ നോവലായ പ്ലേഗിലേതുപോലെ ഇരുണ്ട കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിനു കാരണം കോവിഡ് മഹാമാരി മാത്രമല്ല. വിജ്ഞാന കേന്ദ്രങ്ങളെയും സ്വതന്ത്ര ചിന്തകരെയും നാളെയുടെ പ്രതീക്ഷകളായ കലാലയ വിദ്യാർഥികളെയും നിശ്ശബ്ദരാക്കി തടവിൽ അടക്കാൻ ശ്രമിക്കുന്ന പുതിയ കാലത്തിന്റെ ഇരുളടഞ്ഞ മനസ്സിനാണ് പ്ലേഗ് ബാധിച്ചിരിക്കുന്നത്. ഈ ദുരവസ്ഥകൾക്കിടയിലും അവകാശങ്ങൾക്ക് വേണ്ടി സന്ധിയില്ലാ സമരം ചെയ്യുന്ന കർഷകരുടെയും മനുഷ്യാവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ആസാദി വിളികളുമായി തെരുവിലിറങ്ങി പോരാടുന്ന യുവജനങ്ങളുടെയും കണ്ണിലെ തെളിച്ചം മാത്രമാണ് നമ്മുടെ രാജ്യത്ത് പ്രതീക്ഷയായി ശേഷിക്കുന്നത്. സത്യത്തിനും നീതിക്കും മതേതര ഇന്ത്യക്കും വേണ്ടിയുള്ള ഇത്തരം പോരാട്ടങ്ങൾ വെളിച്ചത്ത് കൊണ്ടുവരാൻ കോർപറേറ്റ് ശക്തികളെ ഭയക്കാത്ത മാധ്യമപ്രവർത്തകർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എം.പി. സുരേന്ദ്രൻ മോഡറേറ്ററായി. ശരത്, ഡോ. ആശ ജോസഫ്, സി.എം.ഐ ദേവമാത പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനക്കൽ, വി.ജി. തമ്പി, ഫാ. പോൾ പൂവത്തിങ്കൽ, പി.എൽ. ജോമി, ഫാ. ബെന്നി ബെനഡിക്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.