ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് നേരിടുന്ന ഒളകര കോളനി കലക്ടർ എസ് ഷാനവാസ് സന്ദർശിക്കുന്നു

കോളനികളിൽ ഓൺലൈൻ പഠനം ഉറപ്പാക്കാൻ ജില്ല ഭരണകൂടം

തൃശൂർ: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മേഖലകളിൽ അടിയന്തര പരിഹാരവുമായി ജില്ലാ ഭരണകൂടം. ചെമ്പങ്കണ്ടം, ഒളകര മേഖലകൾ സന്ദർശിച്ച കലക്ടർ എസ് ഷാനവാസ് നെറ്റ് വർക്ക് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ്റെ നിർദ്ദേശപ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കലക്ടർ നേരിട്ടെത്തി പ്രദേശവാസികളും പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയത്. ചെമ്പങ്കണ്ടത്ത് ഉടൻ പുതിയ ടവർ സ്ഥാപിക്കാൻ തീരുമാനമായി. വിദൂര വനമേഖലയായ ഒളകരയിൽ

സമീപ ടവറുകൾ ബൂസ്റ്റ് ചെയ്തോ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയോ നെറ്റ് വർക്ക് കണക്റ്റിവിറ്റി എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് കേബിൾ ടിവി ഓപ്പറേറ്റർമാർ, ബി എസ് എൻ എൽ, കെ എസ് ഇ ബി പ്രതിനിധികൾ, ഡി എഫ് ഒ എന്നിവരുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. പ്രദേശങ്ങൾ സന്ദർശിച്ചതിൽ നിന്ന് പലയിടത്തും വിവിധ സർവ്വീസ് ദാതാക്കൾ ഒരുമിച്ച് പ്രവർത്തിച്ചാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ നെറ്റ് വർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കാൻ കഴിയുമെന്ന് മനസിലാക്കാൻ കഴിഞ്ഞതായും കലക്ടർ അറിയിച്ചു.

തൃശൂർ ജില്ലയിൽ 60 പഞ്ചായത്തുകളിലായി 543 ഓളം പ്രദേശങ്ങളിലാണ് നിലവിൽ ഇൻ്റർനെറ്റ് ലഭ്യതക്കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 24 എണ്ണം ആദിവാസി കോളനികളാണ്. ദുര്‍ബലമായ ഇന്‍റര്‍നെറ്റ് മൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയും കലക്ടറും ടെലികോം കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ടവറുകള്‍, ബൂസ്റ്റര്‍ ടവറുകള്‍ എന്നിവ സ്ഥാപിക്കുവാനും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ വേഗമേറിയ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഉടന്‍ ആരംഭിക്കാനും ധാരണയായിരുന്നു.

വനമേഖലകളില്‍ ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ സാധ്യത കുറവുള്ള പ്രദേശങ്ങളില്‍ പബ്ലിക് യൂട്ടിലിറ്റി ബില്‍ഡിങ്ങുകളില്‍ വൈഫൈ സ്പോട്ട് നല്‍കി പഠനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ട് പോകാനുള്ള നിര്‍ദ്ദേശങ്ങളും ടെലികോം അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു. ഇത്തരം സാധ്യതകൾ നേരിട്ട് മനസ്സിലാക്കാൻ കൂടിയായിരുന്നു കലക്ടറുടെ സന്ദർശനം.

സമഗ്ര ശിക്ഷാ കേരള കോര്‍ഡിനേറ്റർ ബിന്ദു പരമേശ്വരൻ, എ ടി സി ടെലികോം സർക്കിൾ ഡിപ്ലോയ്മെൻ്റ് ലീഡ് രാഹുല്‍ ദാസ്, അതത് പഞ്ചായത്ത് പ്രതിനിധികൾ, ബി എസ് എൻ എൽ ഉദ്യോഗസ്ഥർ, സ്വകാര്യ ടെലികോം പ്രതിനിധികള്‍, എസ്ടി ഡെവലപ്മെൻറ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കലക്ടറെ അനുഗമിച്ചിരുന്നു.

Tags:    
News Summary - District administration to ensure online study in colonies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.